24 July, 2025 07:06:27 PM
കോഴിക്കോട് ഭാര്യയെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഭര്‍ത്താവ് അറസ്റ്റില്‍

കോഴിക്കോട് : കോഴിക്കോട് കുണ്ടുങ്ങലില്‍ ഭാര്യയെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഭര്‍ത്താവ് അറസ്റ്റില്‍. നിരന്തരം ഉപദ്രവം നടത്തിയ ഭര്‍ത്താവിനെതിരെ ഭാര്യ ജാസ്മിന്‍ ആണ് പരാതി നല്‍കിയത്. കഴിഞ്ഞ ദിവസം പെട്രോളുമായി വന്ന നൗഷാദ് ഭാര്യ ജാസ്മിന്‍ വീട് തുറക്കാതായതോടെ വീട്ടുമുറ്റത്തിരുന്ന ഇരുച്ചക്ര വാഹനത്തിന് തീയിടുകയായിരുന്നു.
ലഹരി ഉപയോഗിച്ച ശേഷം നൗഷാദ് ജാസ്മിനെ നിരന്തരമായി ഉപദ്രവിക്കാറുണ്ടായിരുന്നു എന്നാണ് പൊലീസിന് നല്‍കിയിരിക്കുന്ന മൊഴി. ജാസ്മിന്‍ നേരത്തെ ജോലി ചെയ്തിരുന്ന സ്ഥാപനത്തില്‍ വെച്ച് കൂട്ടുകാര്‍ക്കൊപ്പം എടുത്ത ഫോട്ടോയെ ചൊല്ലിയാണ് നൗഷാദ് പ്രശ്നമുണ്ടാക്കി തുടങ്ങുന്നത്. അതിന്റെ പേരില്‍ പലപ്പോഴും കൊല്ലാന്‍ ശ്രമിച്ചെന്നും ജാസ്മിന്‍ പറയുന്നു. നൗഷാദിനെ ചെമ്മങ്ങാട് പൊലീസ് അറസ്റ്റ് രേഖപ്പെടുത്തി റിമാന്‍ഡ് ചെയ്തു. ഇയാള്‍ക്കെതിരെ വിവിധ സ്റ്റേഷനുകളില്‍ വേറെയും കേസുകള്‍ നിലവിലുണ്ട്.