24 July, 2025 11:40:31 AM


ഭർത്താവും അമ്മയും ജീവിക്കാൻ സമ്മതിക്കുന്നില്ല; റീമയുടെ ആത്മഹത്യാ കുറിപ്പ് പുറത്ത്



കണ്ണൂർ: പഴയങ്ങാടി വയലപ്രയിൽ കുട്ടിയുമായി പുഴയിൽ ചാടിയ വയലപ്ര സ്വദേശി എം വി റീമയുടെ ആത്മഹത്യാ കുറിപ്പ് പുറത്ത്. ഭർതൃ വീട്ടിൽ വലിയ മാനസിക പീഡനം നേരിട്ടിരുന്നതായി കുറിപ്പിൽ പറയുന്നു. ഭർതൃ മാതാവ് ഒരിക്കലും സമാധാനം നൽകിയിട്ടില്ല. മകനൊപ്പം ജീവിക്കാൻ അനുവദിക്കില്ല എന്ന് തോന്നിയതുകൊണ്ടാണ് ജീവനൊടുക്കുന്നതെന്നും കുറിപ്പിൽ പറയുന്നു.

എപ്പോഴും ഭര്‍തൃമാതാവ് തന്നെ വഴക്കുപറയുകയും കുറ്റപ്പെടുത്തുകയും ചെയ്തിരുന്നു. ഭര്‍ത്താവുമായി തമ്മില്‍തല്ലിക്കുമായിരുന്നു. ഭർതൃ മാതാവ് ഒരിക്കലും സമാധാനം നൽകിയിട്ടില്ല. ഭർതൃമാതാവിന്റെ എല്ലാ പീഡനങ്ങൾക്കും ഭർത്താവ് കമൽ രാജ് കൂട്ടുനിന്നു. തന്നെയും കുട്ടിയെയും അമ്മയുടെ വാക്ക് കേട്ട് ഭർത്താവ് ഇറക്കിവിട്ടു. ഇപ്പോള്‍ വന്നിട്ട് വീണ്ടും കുട്ടിക്ക് വേണ്ടിയും ഞങ്ങളെ ജീവിക്കാന്‍ വിടില്ലെന്ന വാശിയിലുമാണ്.

കുട്ടിയെയും എന്നെയും തിരിഞ്ഞ് നോക്കാത്ത ഭര്‍ത്താവ് ഇപ്പോള്‍ അമ്മയുടെ വാക്കുകേട്ട് കുട്ടിക്ക് വേണ്ടി പ്രശ്നം ഉണ്ടാക്കുകയാണ്. എന്നോട് പോയി ചാകാന്‍ പറഞ്ഞു. സ്വന്തം കുട്ടിയോടുള്ള ഇഷ്ടം കൊണ്ടല്ല, അമ്മ ജയിക്കണം എന്ന വാശി മാത്രമാണ് അയാള്‍ക്ക്. അമ്മയാണ് എല്ലാമെങ്കില്‍ എന്തിന് അയാള്‍ ഞങ്ങളുടെ ജീവിതം ഇല്ലാതെയാക്കുന്നു? ഞങ്ങളെ എവിടെയെങ്കിലും ജീവിക്കാന്‍ അനുവദിച്ചുകൂടേ? എനിക്ക് മോന്‍റെ കൂടെ ജീവിച്ച് മതിയായില്ല.

തന്നെ പോലുള്ള പെൺകുട്ടികൾക്ക് ഈ നാട്ടിൽ നീതി കിട്ടില്ല. കൊന്നാലും ചത്താലും കുറ്റം ചുമത്തിയവരൊക്കെ പുറത്ത് സുഖജീവിതം. കുറ്റബോധം പോലുമില്ല. നിയമങ്ങള്‍ അവര്‍ക്ക് സപ്പോര്‍ട്ട്. ഇനി ഒന്നിനുമില്ല. ഇവിടുത്തെ നിയമങ്ങള്‍ മാറാതെ ഒരു പെണ്ണിനും നീതി കിട്ടില്ല. എല്ലാവരെയും സംരക്ഷിച്ച്, ഞങ്ങളെ പോലെയുള്ളവരെ കൊലയ്ക്ക് കൊടുക്കുന്ന നിയമം.' റീമ ആത്മഹത്യാക്കുറിപ്പിൽ പറയുന്നു.

ശനിയാഴ്ച അർധരാത്രിയാണ് റീമ കുഞ്ഞുമായി പുഴയിൽ ചാടിയത്. മൂന്നുവയസുകാരന്‍ മകന്‍ കൃഷിവുമായാണ് റീമ ചെമ്പല്ലിക്കുണ്ട് പാലത്തില്‍ നിന്ന് ചാടിയത്. സംഭവത്തിന് രണ്ട് ദിവസം മുന്‍പ് റീമയെ ഭര്‍ത്താവ് കമല്‍രാജ് ഭീഷണിപ്പെടുത്തിയിരുന്നുവെന്നും മകനെ കൊണ്ടുപോകുമെന്ന് ഭീഷണിപ്പെടുത്തിയെന്നും കുടുംബം ആരോപിച്ചിരുന്നു. 2015ലാണ് കമല്‍രാജിനെ റീമ വിവാഹം കഴിച്ചത്. ഉപദ്രവം കലശലായതോടെ കഴിഞ്ഞ മാര്‍ച്ചില്‍ കണ്ണപുരം പൊലീസില്‍ റീമ ഗാര്‍ഹിക പീഡന പരാതി നല്‍കിയിരുന്നു.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K