24 July, 2025 11:05:11 AM


ഭർതൃപിതാവിൽ നിന്ന് ലൈംഗികാതിക്രമം; രാമനാഥപുരത്ത് യുവതി തീകൊളുത്തി മരിച്ചു



ചെന്നൈ: ഭർതൃപിതാവിൽ നിന്ന് ലൈംഗികാതിക്രമം നേരിട്ടതിനെത്തുടർന്ന് ജീവനൊടുക്കി യുവതി. രാമനാഥപുരത്താണ് സംഭവം. 32 കാരിയാണ് സ്വയം തീകൊളുത്തി മരിച്ചത്.  ഭർതൃപിതാവ് ഇവരെ പീഡിപ്പിച്ചിരുന്നതായി പൊലീസ് പറഞ്ഞു. ഇയാളുടെ പെരുമാറ്റത്തെക്കുറിച്ച് ഭർത്താവിനെയും ഭർതൃ മാതാവിനെയും അറിയിച്ചെങ്കിലും വീടിനകത്തു തന്നെയിരിക്കണമെന്നും സ്വയം സംരക്ഷിക്കണമെന്നുമാണ് ആവശ്യപ്പെട്ടിരുന്നതെന്നും പൊലീസ് കൂട്ടിച്ചേർത്തു. 

ചൊവ്വാഴ്ച ഭർത്താവും അമ്മയും വീട്ടിൽ ഇല്ലാതിരുന്ന സമയത്ത് ഇയാൾ വീണ്ടും അവരെ ഉപദ്രവിച്ചു. തുടർന്നാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. യുവതിയുടെ ശരീരത്തിൽ 70 ശതമാനം പൊള്ളലേറ്റിരുന്നു. ബഹളം കേട്ടതിനെത്തുടർന്ന് നാട്ടുകാർ മധുരയിലെ രാജാജി ആശുപത്രിയിലേക്ക് കൊണ്ടു പോയെങ്കിലും യുവതിയെ രക്ഷിക്കാനായില്ല. 

എന്നാൽ മരണമൊഴിയായി പകർത്തിയ വീഡിയോയിൽ ഭർത്താവിന്റെ അച്ഛൻ തന്നെ കെട്ടിപ്പിടിച്ചെന്നും അത് സഹിക്കാൻ കഴിഞ്ഞില്ലെന്നും അതുകൊണ്ടാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്നും യുവതി പറഞ്ഞുവെന്നാണ് റിപ്പോർട്ട്. ഭർത്താവും ഭർതൃവീട്ടുകാരും തുടർച്ചയായി സ്ത്രീധനത്തിന്റെ പേരിൽ പീഡിപ്പിച്ചിരുന്നതായും യുവതിയുടെ കുടുംബം ആരോപിച്ചു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.







Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K