21 July, 2025 09:03:29 AM
കോഴിക്കോട് പൊട്ടിവീണ വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റ് 65-കാരി മരിച്ചു

കോഴിക്കോട്: പൊട്ടിവീണ വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റ് സ്ത്രീ മരിച്ചു. കൊയിലാണ്ടി കുറവങ്ങാടിയിലായിരുന്നു സംഭവം. 65 കാരിയായ കുറവങ്ങാട് സ്വദേശി ഫാത്തിമയാണ് മരിച്ചത്. മരത്തിന്റെ ശിഖരം ഒടിഞ്ഞു വീണാണ് അപകടം സംഭവിച്ചത്. ഞായറാഴ്ച വൈകിട്ട് 3.15-ഓടെയാണ് അപകടം നടന്നത്.
വീടിന് തൊട്ടടുത്തുള്ള പറമ്പിലെ മരത്തിന്റെ ശിഖരം ഒടിഞ്ഞു വീഴുന്നത് കേട്ട് പുറത്തിറങ്ങിയപ്പോഴാണ് അപകടം സംഭവിച്ചത്. മരത്തിന്റെ ശിഖരം ഒടിഞ്ഞ് വൈദ്യുത കമ്പിയുടെ മുകളിലേക്കാണ് വീണത്. തുടർന്ന് വൈദ്യുതി കമ്പി പൊട്ടി നിലത്തു വീഴുകയായിരുന്നു.
ഫാത്തിമ അബദ്ധത്തില്‍ വൈദ്യുതി കമ്പിയിൽ പിടിച്ചതാണ് ഷോക്കേൽക്കാനുള്ള കാരണം. വൈദ്യുതാഘാതമേറ്റ് വീഴുന്നത് കണ്ട നാട്ടുകാർ ഓടിക്കൂടുകയും വടി ഉപയോഗിച്ച് വൈദ്യുതി ലൈനില്‍നിന്ന് വേർപ്പെടുത്തുകയും ചെയ്തിരുന്നു. തുടർന്ന് ഫയർഫോഴ്സ് എത്തി ഫാത്തിമയെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.