19 July, 2025 07:18:45 PM
പേരാമ്പ്രയില്‍ ബസ് ബൈക്കിലിടിച്ച് യുവാവിന് ദാരുണാന്ത്യം

കോഴിക്കോട്: പേരാമ്പ്രയില്‍ കക്കാട് ബസ് സ്റ്റോപ്പിന് മുന്‍വശം ബൈക്ക് യാത്രക്കാരന്‍ ബസിടിച്ച് മരിച്ചു. പേരാമ്പ്ര ഭാഗത്തേക്ക് പോവുകയായിരുന്ന സ്വകാര്യ ബസ് സ്‌കൂട്ടറിന്റെ പിന്നിൽ ഇടിച്ചതോടെ മറിഞ്ഞുവീണ യുവാവിന്റെ തലയില്‍ ബസ്സിന്റെ ടയര്‍ കയറുകയായിരുന്നു. ശനിയാഴ്ച വൈകീട്ട് 3:45 ഓടെയായിരുന്നു അപകടം. മരുതോങ്കര മൊയിലോത്തറ താഴത്തു വളപ്പില്‍ അബ്ദുള്‍ ജലീലിന്റെ മകന്‍ അബ്ദുള്‍ ജവാദ് ആണ് മരിച്ചത്.
മൃതദേഹം പേരാമ്പ്ര സഹകരണ ആശുപത്രിയിലേക്ക് മാറ്റി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ചാലിക്കര റീജ്യണല്‍ സെന്ററിലെ ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥിയാണ് ജവാദ്. ബസിന്റെ അമിതവേഗതയും മത്സര ഓട്ടവുമാണ് അപകടകാരണമെന്നാണ് നാട്ടുകാര്‍ പറയുന്നത്. അപകടമുണ്ടാക്കിയ ബസ്സ് തടഞ്ഞ് നാട്ടുകാര്‍ പ്രതിഷേധിച്ചു. പോലീസ് എത്തിയാണ് ബസ് മാറ്റിയത്.