19 July, 2025 12:42:50 PM
വളര്‍ത്തു പൂച്ചകൾക്ക് വാക്സിനെടുത്തില്ല; ഗൃഹനാഥന് പിഴ ചുമത്തി കോടതി

കോഴിക്കോട്: വീടിന് പരിസരത്ത് കൊതുക് വളരുന്ന സാഹചര്യം ഉണ്ടാക്കിയതിനും വളർത്തു പൂച്ചകൾക്ക് പ്രതിരോധ വാക്സിൻ നൽകാത്തതിനും ഗൃഹനാഥന് പിഴ വിധിച്ച് കോടതി. കോഴിക്കോട് പുറമേരി അരൂരിലെ സുമാലയത്തിൽ രാജീവനാണ് നാദാപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി പിഴ വിധിച്ച്. 6000 രൂപ പിഴയും, പിഴ അടച്ചില്ലെങ്കിൽ വിവിധ വകുപ്പുകളിലായി 45 ദിവസം തടവിനുമാണ് ശിക്ഷ വിധിച്ചത്.
പഞ്ചായത്തിന്റെ പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമാകാൻ തയ്യാറായില്ലെന്ന അധികൃതരുടെ ഹർജിയിലാണ് നടപടി. ആരോഗ്യവിഭാഗം നടത്തിയ പരിശോധനയിൽ ഇയാൾ പ്ലാസ്റ്റിക് മാലിന്യം ഹരിതകർമസേനയ്ക്ക് കൈമാറാതെ വീടിന്റെ പരിസരത്ത് അലക്ഷ്യമായി നിക്ഷേപിക്കുന്നത് കണ്ടെത്തിയിരുന്നു. കൂടാതെ വിവിധ കണ്ടെയ്നറുകളിലും ടയറുകളിലും വെള്ളം കെട്ടിനിന്ന് കൊതുകുവളരുന്ന സാഹചര്യമുണ്ടാക്കിയതായും കണ്ടെത്തിയിരുന്നു. മാത്രമല്ല വീട്ടിലെ പൂച്ചകൾക്ക് പ്രതിരോധ കുത്തിവെപ്പ് നൽകിയില്ലെന്നതും പരിശോധനയിൽ കണ്ടെത്തിയിരുന്നു. ഇതിനെത്തുടർന്ന് ഗൃഹനാഥന് നോട്ടീസ് നൽകിയെങ്കിലും നിർദേശങ്ങളൊന്നും പാലിച്ചില്ല. തുടർന്നാണ് ആരോഗ്യവിഭാഗം കോടതിയെ സമീപിച്ചത്.