14 July, 2025 08:51:27 PM


വിവാഹമോചന കേസിൽ രഹസ്യ കോൾ റെക്കോർഡിങ് തെളിവായി സ്വീകരിക്കാം- സുപ്രീം കോടതി



ന്യൂഡല്‍ഹി: വിവാഹമോചന കേസുകളിൽ രഹസ്യമായി റെക്കോർഡ് ചെയ്ത ഫോൺ സംഭാഷണം തെളിവായി സ്വീകരിക്കാമെന്ന് സുപ്രീം കോടതി.ജസ്റ്റിസ് ബി.വി. നാഗരത്ന, ജസ്റ്റിസ് സതീഷ് ചന്ദ്ര ശർമ്മ എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്. ഭാര്യയുടെ അറിവോ സമ്മതമോ ഇല്ലാതെ അവരുടെ ഫോൺ സംഭാഷണം റെക്കോർഡ് ചെയ്യുന്നത് സ്വകാര്യതയെന്ന മൗലികാവകാശത്തിന്റെ വ്യക്തമായ ലംഘനമാണെന്ന പഞ്ചാബ്, ഹരിയാന ഹൈക്കോടതിയുടെ വിധി സുപ്രീം കോടതി റദ്ദാക്കി.പഞ്ചാബ്, ഹരിയാന ഹൈക്കോടതിയുടെ തീരുമാനത്തെ ചോദ്യം ചെയ്ത് സമർപ്പിച്ച പ്രത്യേക ഹർജിയിലാണ് (എസ്‌എൽ‌പി) സുപ്രീം കോടതി വിധി.

ഇത്തരം തെളിവുകൾ അനുവദിക്കുന്നത് ഗാർഹിക ഐക്യത്തെയും ദാമ്പത്യ ബന്ധങ്ങളെയും അപകടത്തിലാക്കുമെന്നും പങ്കാളിയുടെ സ്വകര്യതയിലേക്ക് ഒളിഞ്ഞുനോക്കാൻ പ്രോത്സാഹിപ്പിക്കുമെന്നും അതിനാൽ തെളിവ് നിയമത്തിലെ സെക്ഷൻ 122 ന്റെ  ലംഘനമാണെന്നുമുളള്ള ചില വാദങ്ങൾ ഉയർന്നിരുന്നു. എന്നാൽ അത്തരമൊരു വാദം നിലനിൽക്കുമെന്ന് കരുതുന്നില്ലെന്നും പങ്കാളികൾ പരസ്പരം ഒളിഞ്ഞുനോക്കുന്ന ഒരു ഘട്ടത്തിൽ വിവാഹം എത്തിയിട്ടുണ്ടെങ്കിൽ, അത് തന്നെ ബന്ധത്തിലെ തകർച്ചയുടെ ലക്ഷണമാണെന്നും അവർക്കിടയിലുള്ള വിശ്വാസമില്ലായ്മയെയാണ് ഇത് സൂചിപ്പിക്കുന്നതെന്നും വിധി പ്രസ്താവിച്ചുകൊണ്ട് ബെഞ്ച് നിരീക്ഷിച്ചു.

പഞ്ചാബിലെ ഒരു ദമ്പതികളുടെ വിവാഹ മോചനക്കേസ് പരിഗണിക്കവെ ഭാര്യയുടെ റെക്കോഡ് ചെയ്ത ഫോൺ കോളുകൾ തെളിവായി ഉപയോഗിക്കാൻ ഭട്ടിൻഡയിലെ കുടുംബ കോടതി അനുമതി നൽകിയിരുന്നു.ഇതിനെ ചോദ്യം ചെയ്ത് പഞ്ചാബ്, ഹരിയാന ഹൈക്കോടതിയെ സമീപിച്ച ഭാര്യ, തന്റെ സമ്മതമില്ലാതെയാണ് ഈ റെക്കോർഡിംഗ് നടത്തിയതെന്നും അത് സ്വീകരിക്കുന്നത് സ്വകാര്യതയെന്ന മൗലികാവകാശത്തിന്റെ ലംഘനമാണെന്നും വാദിച്ചു. തുടർന്ന് ഹൈക്കോടതി ഭാര്യയുടെ വാദം അംഗീകരിക്കുകയും കുടുംബ കോടതിയുടെ ഉത്തരവ് റദ്ദാക്കുകയും ചെയ്തു. സംഭാഷണങ്ങൾ ഒരു കക്ഷി രഹസ്യമായി റെക്കോർഡ് ചെയ്തതിനാൽ തെളിവായി അത്തരം റെക്കോർഡിംഗുകൾ അനുവദിക്കുന്നത് നീതീകരിക്കാനാവില്ലെന്നായിരുന്നു ഹൈക്കോടതി നിരീക്ഷിച്ചത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 304