06 July, 2025 11:48:59 AM
നെയ്യാറിൽ അപകടത്തിൽപ്പെട്ട കെ എസ് ആർ ടി സി ബസിന് ഫിറ്റ്നസുമില്ല ഇൻഷുറൻസുമില്ല?

തിരുവനന്തപുരം: തിരുവനന്തപുരത്ത് കെഎസ്ആര്‍ടിസി ഓര്‍ഡിനറി ബസും ഫാസ്റ്റ് പാസഞ്ചറും കൂട്ടിയിടിച്ച് അപകടം. ഇന്ന് രാവിലെ 7 .50 ഓടുകൂടി നെയ്യാര്‍ ഡാമിന് സമീപം കള്ളിക്കാട് പഞ്ചായത്ത് ഓഫീസിന് മുന്നിലാണ് കെഎസ്ആര്‍ടിസി ബസുകള്‍ കൂട്ടിയിടിച്ച് അപകടമുണ്ടായത്. അപകടത്തിൽ 15 യാത്രക്കാർക്ക് പരുക്കേറ്റു. അതിൽ 4 പേരുടെ പരിക്ക് ഗുരുതരമാണ്. ഇവരുടെ മുഖത്താണ് പരുക്കേറ്റിരിക്കുന്നത്. ഓർഡിനറി ബസിൽ കുടുങ്ങിക്കിടന്ന ഡ്രൈവറെ പുറത്തെടുത്തു. ഓർഡിനറി ബസ് ഡ്രൈവർ മണികുട്ടനെയാണ് ഒരു മണിക്കൂർ നീണ്ട ശ്രമത്തിനിടെ പുറത്തെടുത്തത്. ഇയാളെ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. ഡ്രൈവർമാരിരുന്ന ക്യാബിനുകൾ തമ്മിലാണ് കൂട്ടിയിടിച്ചത്. ഫയർഫോഴ്സും പൊലീസും സ്ഥലത്തെത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്.

രജിസ്‌ട്രേഷൻ കാലാവധി കഴിഞ്ഞതും ഇൻഷുറൻസ് ഇല്ലാത്തതുമായ KL 15 6464 എന്ന ബസാണ് അപകടത്തിൽ പെട്ട ഒരു ബസ്. 17 വർഷവും 6 മാസവും കാലാവധിയുള്ള വണ്ടിയുടെ ആർ സി ക്യാൻസൽ ചെയ്തതാണ്. 2007 ഡിസംബർ 27 ന് രജിസ്റ്റർ ചെയ്ത വാഹനത്തിന്റെ ഫിറ്റ്നസ് കാലാവധി 2023 ഡിസംബർ 27 വരെയായിരുന്നു. ഇൻഷുറൻസ് കാലാവധി 2021 മാർച്ച് 12 ന് അവസാനിച്ചു. അപകടവാർത്ത അറിഞ്ഞയുടനെ സാമൂഹ്യ പ്രവർത്തകനായ കോട്ടയം ഏറ്റുമാനൂർ സ്വദേശി മോൻസി പി തോമസ് മോട്ടോർ വെഹിക്കിൾ ഡിപ്പാർട്മെന്റിന്റെ എം- പരിവാഹന്‍ സൈറ്റിൽ തിരഞ്ഞപ്പോഴാണ് ഞെട്ടിക്കുന്ന ഈ വിവരങ്ങൾ ലഭ്യമായത്. ഉടൻ തന്നെ അദ്ദേഹം ഇത് തന്റെ ഫേസ്ബുക് പേജിൽ പങ്കുവെക്കുകയും ചെയ്തിട്ടുണ്ട്. ബസിന് ഫിറ്റ്നസും ഇൻഷുറൻസും ഇല്ലാത്ത സാഹചര്യത്തിൽ അപകടത്തിൽ പെട്ടവർക്ക് ഇൻഷുറൻസ് പരിരക്ഷ എങ്ങിനെ ലഭിക്കുമെന്ന ചോദ്യവും ഉയർന്നിട്ടുണ്ട്.
കാട്ടാക്കട ഡിപ്പോയിലെ ബസുകളാണ് കൂട്ടിയിടിച്ചത്. അപകടമുണ്ടായ സ്ഥലത്തിന് സമീപമുളള കനാലിന്റെ വശം റോഡ് തകർന്ന് അപകടഭീഷണി ഉയർത്താൻ തുടങ്ങിയിട്ട് വർഷങ്ങളാകുന്നുവെന്നാണ് നാട്ടുകാരുടെ പരാതി. പ്രളയത്തിന് ശേഷം റോഡിലെ മണ്ണ് പൂര്‍ണമായും ഒഴുകി പോയിരുന്നതിനാല്‍ ഒരേ സമയം ഒരു വലിയ വാഹനത്തിന് മാത്രമാണ് അപകടഭീതി മൂലം അത് വഴി കടന്നു പോകാൻ ആകുക. ആ പ്രദേശത്താണ് അപകടം നടന്നത്. കനാലിന് വശം കോൺക്രീറ്റ് കെട്ടി സുരക്ഷിതമാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.