04 July, 2025 08:59:46 AM


കെഎസ്ആർടിസി ബസ് റോഡിലെ കുഴിയിൽ വീണ് യാത്രക്കാരന്റെ നട്ടെല്ലിന് പരിക്ക്; ഡ്രൈവർക്കെതിരെ കേസ്



കാസർ​ഗോഡ്: ബസിന്റെ പിൻഭാ​ഗത്തെ ടയർ റേഡിലെ കുഴിയിലേക്ക് വീണ യാത്രക്കാരന്റെ നട്ടെല്ലിന് പരിക്ക്. മുൻ സൈനികൻ പയ്യന്നൂർ അന്നൂരിലെ കെ.ടി. രമേശനാണ്‌ (65) പരിക്കേറ്റത്. സംഭവത്തിൽ കെഎസ്അആർടിസി ഡ്രൈവർ സതീഷ് ജോസഫിനെതിരേ ഹൊസ്ദുർഗ് പോലീസ് കേസെടുത്തു.

മുൻ സൈനികർക്കായി പ്രവർത്തിക്കുന്ന കാഞ്ഞങ്ങാടുള്ള പോളി ക്ലിനിക്കേലേക്ക്‌ വരാനായി പയ്യന്നൂരിൽനിന്നാണ് രമേശൻ ബസിൽ കയറിയത്. കാഞ്ഞങ്ങാട് സൗത്തിലെത്തിയപ്പോഴാണ് ടയർ കുഴിയിൽ പതിച്ചത്. സീറ്റിൽനിന്ന് മുകളിലേക്കുയർന്ന് ലഗേജ് വെക്കുന്ന കമ്പിയിൽ തലയിടിച്ചശേഷം ബസിന്റെ പ്ലാറ്റ്ഫോമിലേക്ക് വീഴുകയായിരുന്നു. വീഴ്ചയ്ക്കിടെ പുറംഭാഗം സീറ്റിന്റെ പിറകിലെ കമ്പിയിടിയ്ക്കുകയും ചെയ്തു. പയ്യന്നൂർ ഭാ​ഗത്തു നിന്നും കാഞ്ഞങ്ങാടേക്ക് വരുകയായിരുന്നു ബസ്.

ആളുകൾ ബസിൽ കുറവായിരുന്നെങ്കിലും തന്റെ നിലവിളി കേട്ട് കണ്ടക്ടർ പെട്ടെന്ന് എത്തി എഴുന്നേൽപ്പിക്കുകയുമായിരുന്നുവെന്ന് രമേശൻ വ്യക്തമാക്കി. പുതിയ കോട്ടയിലെ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലെത്തി പ്രഥമശുശ്രൂഷ നൽകിയ ശേഷം ജില്ലാ ആശുപത്രിയിലെത്തിച്ചു. എക്‌സറേ എടുത്തപ്പോൾ നട്ടെല്ലിന് ക്ഷതമുണ്ടായതായി വ്യക്തമായി.

തുടർന്ന് പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ്‌ ആസ്‌പത്രിയിലേക്ക്‌ മാറ്റി. നട്ടെല്ലിനു ബെൽറ്റ് ഇട്ട ശേഷം വീട്ടിലേക്കു മടങ്ങി. ഒന്നരമാസത്തെ വിശ്രമമാണ് ഡോക്ടർമാർ നിർദേശിച്ചിരിക്കുന്നത്. സംഭവത്തിൽ അധികൃതരും ഉത്തരവാദികളാണെന്നും അന്വേഷത്തിൽ ഇതു കൂടി ഉൾപ്പെടുത്തുമെന്നും ഹൊസ്ദുർഗ് ഇൻസ്‌പെക്ടർ പി. അജിത്കുമാർ പറഞ്ഞു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 946