02 July, 2025 02:02:17 PM
യുവതിക്കൊപ്പം വളപട്ടണം പുഴയിൽ ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി

കണ്ണൂർ: വളപട്ടണം പുഴയിൽ യുവതിക്കൊപ്പം ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ഞായറാഴ്‌ച രാവിലെയാണ് ഇയാളെയും ഭർതൃമതിയായ യുവതിയെയും പെരിയാട്ടടുക്കത്തു നിന്നു കാണാതായത്. ഇയാൾക്കൊപ്പം പുഴയിൽ ചാടിയ 38 കാരിയായ യുവതി നീന്തി രക്ഷപ്പെട്ടിരുന്നു. കാസർഗോഡ് ബേക്കൽ പൊലീസ് സ്റ്റേഷൻ പരിധിയിലെ പനയാൽ, പെരിയാട്ടടുക്കത്തെ രാജു എന്ന രാജേഷി(39 ) ന്റെ മൃതദേഹമാണ് പഴയങ്ങാടി മാട്ടൂൽ കടപ്പുറത്ത് കണ്ടെത്തിയത്. വിവരമറിഞ്ഞ് എത്തിയ ബന്ധുക്കളാണ് മൃതദേഹം തിരിച്ചറിഞ്ഞത്.
കമിഴ്ന്ന് കിടന്ന നിലയിൽ കാണപ്പെട്ട മൃതദേഹത്തിൽ വസ്ത്രങ്ങളൊന്നും ഉണ്ടായിരുന്നില്ല. ഞായറാഴ്‌ച രാവിലെയാണ് രാജുവിനെയും ഭർതൃമതിയായ യുവതിയെയും പെരിയാട്ടടുക്കത്തു നിന്നു കാണാതായത്. ബേക്കൽ പൊലീസ് കേസെടുത്ത് അന്വേഷിക്കുന്നതിനിടെ തിങ്കളാഴ്ച പുലർച്ചെ യുവതിയെ വളപട്ടണം പുഴയിൽ നിന്നു പരിസരവാസികൾ രക്ഷപ്പെടുത്തിയിരുന്നു. വിവരമറിഞ്ഞ് ബേക്കൽ പൊലീസെത്തി യുവതിയെ കസ്റ്റഡിയിൽ എടുത്തു ചോദ്യം ചെയ്തിരുന്നു.