01 July, 2025 09:38:29 AM
കല്ലമ്പലത്ത് കെഎസ്ആര്‍ടിസി ബസും സ്കൂട്ടറും കൂട്ടിയിടിച്ചു; ദമ്പതിമാർക്ക് ദാരുണാന്ത്യം

തിരുവനന്തപുരം: ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മകളെ കാണാൻ സ്കൂട്ടറിൽ പോകുകയായിരുന്ന ദമ്പതിമാർ ബസിടിച്ചു മരിച്ചു. കൊല്ലം പരവൂർ കൂനയിൽ സുലോചനാഭവനിൽ ശ്യാം ശശിധരൻ(58), ഭാര്യ ഷീന(51) എന്നിവരാണ് മരിച്ചത്. ദേശീയപാതയിൽ കല്ലമ്പലം വെയിലൂരിൽ തിങ്കളാഴ്ച വൈകിട്ട് അഞ്ചിനായിരുന്നു അപകടം.
കൊല്ലം ഭാഗത്തേക്കുപോയ കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റും ആറ്റിങ്ങൽ ഭാഗത്തേക്കുപോയ സ്കൂട്ടറുമാണ് കൂട്ടിയിടിച്ചത്. സ്കൂട്ടർ മറ്റൊരു വാഹനത്തെ മറികടക്കാൻ ശ്രമിക്കവേ എതിരെ വന്ന ബസുമായി കൂട്ടിയിടിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
ആറ്റിങ്ങലിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മകളെ കാണാൻ പോയതായിരുന്നു ഇരുവരും. ഗുരുതരമായി പരിക്കേറ്റ ഇരുവരെയും ഉടൻതന്നെ കല്ലമ്പലത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ശ്യാം ശശിധരന്റെ ജീവൻ രക്ഷിക്കാനായില്ല. പിന്നാലെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ഷീനയും മരിച്ചു.