29 June, 2025 08:23:06 PM
ഭോപ്പാലില്‍ 90 ഡിഗ്രി വളവുള്ള റെയിൽവേ മേൽപ്പാലം; ഏഴ് എഞ്ചിനീയർമാർക്ക് സസ്പെൻഷൻ

ഭോപ്പാൽ: ഏറെ വിവാദമായ ഭോപ്പാലിലെ 90 ഡിഗ്രി വളവുള്ള ഐഷ്ബാഗ് റെയിൽവേ മേൽപ്പാലം നിർമിച്ച ഏഴ് പൊതുമരാമത്ത് വകുപ്പ് എഞ്ചിനീയർമാർക്ക് സസ്പെൻഷൻ. രണ്ട് ചീഫ് എഞ്ചിനീയർമാർ ഉൾപ്പെടെ ഏഴ് എഞ്ചിനീയർമാരെയാണ് മധ്യപ്രദേശ് സർക്കാർ സസ്പെൻഡ് ചെയ്തത്. ഭോപ്പാലിലെ റെയിൽവേ മേൽപ്പാലം ഏറെ വിമർശനങ്ങൾക്കിടയാക്കിയിരുന്നു. ഇതിന് പിന്നാലെ പാലം വീണ്ടും നിർമിക്കാൻ തീരുമാനിച്ചിരുന്നു.
ചീഫ് എഞ്ചിനീയർമാരായ സഞ്ജയ് ഖണ്ഡെ, ജി പി വർമ്മ, ഇൻ-ചാർജ് എക്സിക്യൂട്ടീവ് എഞ്ചിനീയർ ജാവേദ് ഷക്കീൽ, ഇൻ-ചാർജ് സബ് ഡിവിഷണൽ ഓഫീസർ രവി ശുക്ല, സബ് എഞ്ചിനീയർ ഉമാശങ്കർ മിശ്ര, അസിസ്റ്റന്റ് എഞ്ചിനീയർ ഷാനുൽ സക്സേന, ഇൻ-ചാർജ് എക്സിക്യൂട്ടീവ് എഞ്ചിനീയർ ഷബാന രജ്ജാഖ്, വിരമിച്ച സൂപ്രണ്ടിംഗ് എഞ്ചിനീയർ എംപി സിംഗ് എന്നിവർക്കെതിരെയാണ് നടപടി സ്വീകരിച്ചതെന്ന് പൊതുമരാമത്ത് വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി നീരജ് മണ്ട്ലോയ് പറഞ്ഞു.
"ഐഷ്ബാഗ് റെയിൽവേ മേൽപ്പാലം നിർമാണത്തിലെ ഗുരുതരമായ അനാസ്ഥയിൽ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഏഴ് പിഡബ്ല്യുഡി എഞ്ചിനീയർമാർക്കെതിരെ നടപടി സ്വീകരിച്ചു,", മുഖ്യമന്ത്രി മോഹൻ യാദവ് എക്‌സിൽ കുറിച്ചു. വിരമിച്ച സൂപ്രണ്ടിംഗ് എഞ്ചിനീയർക്കെതിരെ വകുപ്പുതല അന്വേഷണം നടത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. നിർമാണ ഏജൻസിയെയും ഡിസൈൻ കൺസൾട്ടന്റിനെയും കരിമ്പട്ടികയിൽ പെടുത്തിയിട്ടുണ്ടെന്നും പാലത്തിന് ആവശ്യമായ മെച്ചപ്പെടുത്തലുകൾ വരുത്തുന്നതിനായി ഒരു കമ്മിറ്റി രൂപീകരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. തുടർന്നാവും ഉദ്ഘാടനമെന്നും അദ്ദേഹം വ്യക്തമാക്കി.
648 മീറ്റർ നീളവും 8.5 മീറ്റർ വീതിയുമുള്ള പാലം 18 കോടി രൂപ ചെലവഴിച്ചാണ് നിർമിച്ചത്. ഈ പാലത്തിലെ 90 ഡിഗ്രി വളവ് വലിയ വിമർശനം ഏറ്റുവാങ്ങിയിരുന്നു. നേരെ വരുന്ന പാത പൊടുന്നനെ വളവിലേക്ക് പോകുന്ന തരത്തിലായിരുന്നു ഇതിൻ്റെ നിർമിതി. ഇത് അപകടങ്ങൾക്കും മറ്റും വഴിയൊരുക്കും എന്ന വിമർശനമാണ് ഉയർന്നുവന്നത്.