20 June, 2025 10:33:26 AM
ബന്ദിപൂരില്‍ കടുവയുടെ ആക്രമണത്തില്‍ യുവതി മരിച്ചു

ബെംഗളൂരു: കര്‍ണാടകയിലെ ബന്ദിപൂരില്‍ കടുവയുടെ ആക്രമണത്തില്‍ യുവതി മരിച്ചു. ചമരജനഗര്‍ ജില്ലയിലെ ദേശിപുര കോളനി നിവാസി ഹാദിയ പുട്ടമ്മ(36)യാണ് മരിച്ചത്. ബന്ദിപൂര്‍ കടുവ സംരക്ഷണ കേന്ദ്രത്തോട് ചേര്‍ന്നാണ് യുവതി താമസിച്ചിരുന്ന ദേശിപുര കോളനി.
വ്യാഴാഴ്ച വൈകിട്ട് മൂന്ന് മണിയോടെയായിരുന്നു സംഭവം നടന്നത്. ആടുകളെ മേയ്ക്കുന്നതിനായി വനപ്രദേശത്ത് എത്തിയതായിരുന്നു ഹാദിയ. ഇതിനിടെ കടുവ യുവതിയുടെ മേല്‍ ചാടിവീഴുകയായിരുന്നു. തുടര്‍ന്ന് കാടിന്റെ ഉള്‍ഭാഗത്തേയ്ക്ക് വലിച്ചിഴച്ചുകൊണ്ടുപോയി.
മണിക്കൂറുകള്‍ കഴിഞ്ഞിട്ടും യുവതി തിരിച്ചെത്താതായതോടെ കുടുംബാംഗങ്ങളും പ്രദേശവാസികളും തിരച്ചിലിനിറങ്ങി. ഇതിനിടെ വനമേഖലയോട് ചേര്‍ന്ന് അല്‍പം മാറി യുവതിയുടെ ശരീരഭാഗങ്ങള്‍ കണ്ടെത്തുകയായിരുന്നു. ഓംകാര്‍ മേഖലയില്‍ നിന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. സംഭവത്തില്‍ അന്വേഷണം നടത്തുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.