19 June, 2025 08:29:49 PM
പുനലൂരില്‍ കാല്നടയാത്രക്കാരന്റെ കാലിലൂടെ കെഎസ്ആര്‍ടിസി ബസ് കയറിയിറങ്ങി

കൊല്ലം: കൊല്ലം പുനലൂരില്‍ കാല്നടയാത്രക്കാരന്റെ കാലിലൂടെ കെഎസ്ആര്‍ടിസി ബസ് കയറിയിറങ്ങി. അപകടത്തില്‍ പുനലൂര്‍ കാഞ്ഞിരമല സ്വദേശി മുരുകേശന്റെ ഇടതു കാലിന് ഗുരുതരമായി പരിക്കേറ്റു. പുനലൂര്‍ കെഎസ്ആര്‍ടിസി ഡിപ്പോയ്ക്ക് സമീപം ഇന്ന് രാവിലെ ഒന്‍പത് മണിയോടെ ആണ് അപകടം ഉണ്ടായത്. ആലപ്പുഴയില്‍ നിന്നും തെങ്കാശിയിലേക്ക് പോവുകയായിരുന്ന ബസ്സാണ് അപകടത്തില്‍പ്പെട്ടത്.
ബസുകള്‍ ഡിപ്പോയ്ക്ക് ഉള്ളിലേക്ക് ഇറങ്ങുന്ന ഭാഗത്ത് കൂടി നടന്നു പോകുകയായിരുന്ന മുരുകേശനെ കെഎസ്ആര്‍ടിസി ബസ് തട്ടുകയായിരുന്നു. തുടര്‍ന്ന് മുരുകേശന്‍ ബസിന് അടിയിലേക്ക് തെറിച്ചുവീഴുകയായും കാലിലൂടെ കെഎസ്ആര്‍ടിസി ബസ് കയറിയിറങ്ങുകയുമായിരുന്നു. ഉടന്‍തന്നെ നാട്ടുകാര്‍ മുരുകേശനെ പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ എത്തിക്കുകയും പരിക്ക് ഗുരുതരമായതിനെത്തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയും ചെയ്തു. നഗരത്തിലെ സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരനാണ് മുരുകേശന്‍.




