05 June, 2025 01:42:59 PM
പുകയില തുപ്പാൻ ഡോർ തുറന്നു; കാർ മറിഞ്ഞ് വസ്ത്ര വ്യാപരിക്ക് ദാരുണാന്ത്യം

ഛത്തീസ്ഗഡ്: ബിലാസ്പൂരിൽ അമിതവേഗതയിൽ പോയ കാർ മറിഞ്ഞ് ഒരു മരണം. രണ്ടുപേർക്ക് ഗുരുതര പരിക്ക്. പുകയില തുപ്പാനായി ഡ്രൈവർ ഡോർ തുറന്നതോടെ മണിക്കൂറിൽ നൂറ് കിലോമീറ്ററിലധികം വേഗത്തിൽ സഞ്ചരിക്കുകയായിരുന്ന ഇന്നോവ കാർ മറിയുകയായിരുന്നു.
ചകർഭട്ടയിൽ നിന്നുള്ള തുണി വ്യാപാരിയായ ജാക്കി ഗെഹി (31) ആണ് മരിച്ചത്. ആകാശ് എന്നയാളാണ് വാഹനമോടിച്ചത്. ഇവരുടെ സുഹൃത്ത് പങ്കജ് ഛബ്ര മുൻ സീറ്റിലും ജാക്കി പിൻ സീറ്റിലുമായിരുന്നു. ബിലാസ്പൂർ-റായ്പൂർ ഹൈവേയിൽ പുകയില (ഗുട്ട്ക) തുപ്പാൻ വാഹനമോടിക്കുന്നതിനിടെ ആകാശ് പെട്ടെന്ന് വാതിൽ തുറന്നു. തൽക്ഷണം വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടുകയും ഡിവൈഡറിൽ ഇടിച്ചുകയറി പലതവണ മറിയുകയുമായിരുന്നു.
റോഡിലെ ഡിവൈഡറിൽ ഘടിപ്പിച്ചിരുന്ന ലോഹഭാഗത്ത് ശരീരം ഇടിച്ചുവീണ് ജാക്കിയുടെ നെഞ്ച്, തല എന്നിവിടങ്ങളിൽ ഗുരുതരമായി പരിക്കേറ്റിരുന്നു. സംഭവസ്ഥലത്ത് വെച്ചുതന്നെ ജാക്കി മരിച്ചതായി പൊലീസ് പറഞ്ഞു.