23 May, 2025 10:58:30 AM


യുവതിയെ പ്രണയം നടിച്ച് പീഡിപ്പിച്ച ശേഷം ദൃശ്യങ്ങൾ പ്രചരിപ്പിച്ചു; യുവാവ് അറസ്റ്റിൽ



കാസർകോട്: പ്രണയം നടിച്ച് യുവതിയെ പീഡിപ്പിച്ച ശേഷം ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങൾ വഴി പ്രചരിപ്പിച്ച കേസിലെ പ്രതി അറസ്റ്റിൽ. വെസ്റ്റ് എളേരി ചീർക്കയത്തെ ആലക്കോടൻ വീട്ടിൽ ജയകൃഷ്ണൻ (25) ആണ് അറസ്റ്റിലായത്. മംഗളൂരു വിമാനത്താവളത്തിൽ വച്ചാണ് പ്രതിയെ പോലീസ് സംഘം പിടികൂടിയത്. വെള്ളരിക്കുണ്ട് പോലീസ് ഇൻസ്പെക്ടർ ടി.കെ. മുകുന്ദനും സംഘവും ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

2024 മാർച്ചിലാണ് കേസിനാസ്പദമായ സംഭവം. യുവതിയുമായി അടുപ്പത്തിലായിരുന്ന പ്രതി പീഡനശേഷം ഗൾഫിലേക്ക് പോയതായി പോലീസ് പറയുന്നു. ഗൾഫിൽ നിന്ന് വ്യാജ ഇൻസ്റ്റഗ്രാം ഐഡി ഉണ്ടാക്കി പീഡനദൃശ്യങ്ങൾ യുവതിയുടെ സുഹൃത്തിന് അയച്ചുകൊടുത്തു. തുടർന്ന് യുവതി വെള്ളരിക്കുണ്ട് പോലീസിൽ പരാതി നൽകി. പരാതിയിൽ കേസെടുത്ത പോലീസ് പ്രതിക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. ഇതിനെത്തുടർന്ന് ഗൾഫിൽ നിന്ന് മംഗളൂരു വിമാനത്താവളത്തിൽ എത്തിയ പ്രതിയെ പോലീസ് പിടികൂടുകയായിരുന്നു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തി വരികയാണെന്ന് പോലീസ് അറിയിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K