22 May, 2025 09:45:32 AM
പയ്യന്നൂരിൽ പേരമകന്‍റെ മർദനത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന 88കാരി മരിച്ചു

കണ്ണൂർ: കണ്ണൂർ പയ്യന്നൂരിൽ പേരമകന്റെ മർദനമേറ്റ് ചികിത്സയിലായിരുന്ന വയോധിക മരിച്ചു. 88 വയസുള്ള കാർത്യായനി ആണ് മരിച്ചത്. പേരമകൻ റിജുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ ആയിരുന്നു മരണം.
തലക്ക് ഗുരുതരമായി പരിക്കേറ്റ് ഈ മാസം 11 മുതൽ ചികിത്സയിലായിരുന്നു. വയോധികയെ മർദിച്ച കേസിൽ റിജുവിനെ പ്രതിയാക്കി പൊലീസ് കേസെടുത്തിരുന്നു. കൂടെ താമസിക്കുന്ന വിരോധത്തിൽ മർദിച്ചുവെന്നാണ് കേസ്. ഇന്നലെ ഒന്‍പത് മണിയോടെയാണ് മരണം സംഭവിച്ചത്.
കൂടെത്താമസിക്കുന്നു എന്ന വിരോധത്തിൽ പയ്യന്നൂരിലെ കണ്ടങ്കാണിയിലെ വീട്ടിൽ വെച്ച് പേരമകൻ റിജു ഇവരെ ചവിട്ടി വീഴ്ത്തുകയും തല ചുമരിൽ ഇടിക്കുകയും ചെയ്തുവെന്നാണ് പരാതി. ഹോം നഴ്സിന്‍റെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. കാര്‍ത്യായനിയുടെ കൈ പിടിച്ച് തിരിച്ചതിനെ തുടര്‍ന്ന് കയ്യിലെ തൊലി ഉരിഞ്ഞുപോയിരുന്നു. ഇതിന് ശേഷം ഇവരെ പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. കുളിമുറിയിൽ വീണു എന്നാണ് ഈ ബന്ധുക്കള്‍ പറഞ്ഞത്.
കുടുംബസ്വത്ത് വീതം വെച്ചച്ചോൾ ഇവരുടെ സംരക്ഷണ ചുമതലയേറ്റെടുത്തത് മകൾ ലീലയായിരുന്നു. അതിനാൽ കാർത്ത്യായനി അമ്മയുടെ പേരിലുണ്ടായിരുന്ന വീടും ലീലയ്ക്ക് നൽകി. പിന്നീട് അവർ ആ വീട് വാടകക്ക് നൽകി ലീലയും മക്കളും താമസിക്കുന്ന കണ്ടങ്കാളിയിലെ വീട്ടിലേക്ക് താമസം മാറി. പരിചരിക്കാനായി ഹോം നഴ്സിനെ ഏർപ്പാടാക്കുകയും ചെയ്തു. റിജുവിൻ്റെ ഭാര്യ പ്രസവിച്ച ശേഷം ഇരട്ട കുട്ടികളുമായി ഇവർ വീട്ടിലെത്തിയതോടെ, കാർത്യായനിയെ ഒന്നിച്ച് താമസിപ്പിക്കുന്നതിലുള്ള വിരോധത്തിൻ്റെ പേരിൽ റിജു അക്രമിച്ചുവെന്നാണ് കേസ്.