20 May, 2025 11:01:41 AM
ബിരിയാണിക്കൊപ്പം സാലഡ് കിട്ടിയില്ല; കൊല്ലത്ത് വിവാഹ സൽക്കാരത്തിൽ കേറ്ററിങ് ജീവനക്കാർ തമ്മിലടിച്ച് 4 പേർക്ക് പരിക്ക്

കൊല്ലം: വിവാഹ സൽക്കാരത്തിനു ശേഷം ബിരിയാണിക്കൊപ്പം സാലഡ് കിട്ടാത്തതിനെ തുടർന്ന് കേറ്ററിങ് തൊഴിലാളികൾ തമ്മിലുണ്ടായ തർക്കം കൂട്ടയടിയിൽ കലാശിച്ചു. സംഘർഷത്തിൽ നാലുപേർക്കു പരിക്കേറ്റു. എല്ലാവർക്കും തലയ്ക്കാണ് പരിക്ക്. ഇന്നലെ ഉച്ചയോടെ തട്ടാമല പിണയ്ക്കൽ ഭാഗത്തെ ഓഡിറ്റോറിയത്തിലാണ് സംഘർഷമുണ്ടായത്.
വിവാഹത്തിൽ പങ്കെടുത്തവർക്കെല്ലാം ബിരിയാണി വിളമ്പിയ ശേഷം കേറ്ററിങ് തൊഴിലാളികൾ ആഹാരം കഴിക്കാനായി ഇരുന്നപ്പോഴാണ് സംഭവം. ഇവർ പരസ്പരം ബിരിയാണി വിളമ്പി. എന്നാൽ ചിലർക്ക് സാലഡ് കിട്ടാതായതോടെ തർക്കമായി. ആ തർക്കം പിന്നീട് സംഘർഷത്തിലെത്തി. ഇരു വിഭാഗങ്ങളായി തിരിഞ്ഞു യുവാക്കൾ ഭക്ഷണം വിളമ്പിയ പാത്രങ്ങളുമായി ഏറ്റുമുട്ടി. അക്രമത്തിൽ 4 പേരുടെ തലയ്ക്ക് പരിക്കേൽക്കുകയായിരുന്നു. ഇവരെ കൂട്ടിക്കടയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.