19 May, 2025 12:21:34 PM


യുവ അഭിഭാഷകയെ മർദിച്ച കേസ്; അഡ്വ. ബെയ്‌ലിന്‍ ദാസിന് ജാമ്യം



തിരുവനന്തപുരം: യുവ അഭിഭാഷകയെ മർദിച്ച കേസിൽ അഡ്വ ബെയ്‌ലിന്‍ ദാസിന് ജാമ്യം. തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് 12-ാം കോടതിയാണ് ജാമ്യം അനുവദിച്ചത്. ഈ മാസം 27 വരെ വഞ്ചിയൂര്‍ കോടതി ബെയിലിനെ റിമാന്‍ഡ് ചെയ്തിരുന്നു. ശക്തമായ വാദമാണ് രണ്ട് ദിവസം മുൻപ് മുൻ‌കൂർ ജാമ്യാപേക്ഷ പരിഗണിക്കുമ്പോൾ കോടതിയിൽ നടന്നത്. പ്രോസിക്യൂഷന്‍ ജാമ്യഹര്‍ജിയെ ശക്തമായി എതിര്‍ത്തിരുന്നു. തൊഴിലിടത്തില്‍ ഒരു സ്ത്രീ മര്‍ദനത്തിനിരയായത് ഗൗരവമായ വിഷയമാണെന്ന് പ്രോസിക്യൂഷന്‍ ചൂണ്ടികാട്ടിയിരുന്നു. എന്നാല്‍ കരുതിക്കൂട്ടി യുവതിയെ മര്‍ദിക്കാന്‍ പ്രതി ശ്രമിച്ചിട്ടില്ലെന്നും പ്രതിഭാഗം വാദിച്ചു.

മെയ് 13 നായിരുന്നു കേസിനാസ്പദമായ സംഭവം. യുവ അഭിഭാഷകയായ ശ്യാമിലിയെയാണ് ബെയ്ലിൻ ദാസ് മർദിച്ചത്. മോപ്പ് സ്റ്റിക് കൊണ്ടായിരുന്നു മര്‍ദനം. സ്ത്രീത്വത്തെ അപമാനിക്കല്‍, ശാരീരിക ഉപദ്രവം തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരുന്നത്.  സംഭവത്തിന് പിന്നാലെ ഒളിവിൽ പോയ ബെയ്ലിനെ തുമ്പയിൽ നിന്നുമാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇയാളെ ഇനി പ്രാക്റ്റീസ് ചെയ്യാന്‍ അനുവദിക്കില്ലെന്ന് ബാര്‍ കൗണ്‍സില്‍ അറിയിച്ചിരുന്നു. അടിയന്തര ബാര്‍ കൗണ്‍സില്‍ യോഗം ചേര്‍ന്നായിരുന്നു ഈ തീരുമാനം എടുത്തത്.

അഭിഭാഷകനില്‍ നിന്നും ഇതിനു മുന്‍പും മര്‍ദനമേല്‍ക്കേണ്ടി വന്നിട്ടുണ്ടെന്ന് പരാതിക്കാരിയായ അഭിഭാഷക പറഞ്ഞിരുന്നു. കാരണം പറയാതെ ജൂനിയര്‍ അഭിഭാഷകരെ ജോലിയില്‍ നിന്ന് പറഞ്ഞുവിടുന്നത് പതിവായിരുന്നെന്ന് ശ്യാമിലിയുടെ ഭര്‍ത്താവ് ആരോപിച്ചിരുന്നു. ശ്യാമിലി ജോലിക്ക് കയറിയതിനു ശേഷം മാത്രം എട്ടുപേരെ പുറത്താക്കിയിരുന്നു. കഴിഞ്ഞ ദിവസം ശ്യാമിലിയെ വിളിച്ച് ജോലിക്ക് വരേണ്ട എന്ന് അറിയിച്ചിരുന്നു. കാരണം തിരക്കിയ ശ്യാമിലിയോട് അത് നീ അറിയേണ്ട കാര്യമില്ലെന്നാണ് സീനിയര്‍ അഭിഭാഷകന്‍ പറഞ്ഞത്. തുടര്‍ന്നായിരുന്നു മര്‍ദനം.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K