17 May, 2025 12:53:22 PM
കാസര്‍കോട് രേഷ്മയുടെ തിരോധാനം: കൊലപാതകം; 15 വര്‍ഷങ്ങള്‍ക്ക് ശേഷം പ്രതി പിടിയില്‍

കാസർകോട്: കാസർകോട് അമ്പലത്തറയിലെ 17 വയസുകാരി രേഷ്മയുടെ തിരോധാനത്തിൽ 15 വർഷത്തിന് ശേഷം പ്രതി പിടിയിൽ. പാണത്തൂർ സ്വദേശി ബിജു പൗലോസിനെയാണ് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. രേഷ്മയെ കൊലപ്പെടുത്തി പുഴയിൽത്തള്ളിയെന്ന് പ്രതിയായ ബിജു നേരത്തേ മൊഴിനൽകിയെങ്കിലും മൃതദേഹം ലഭിക്കാത്തതിനാൽ പ്രതിയെ അറസ്റ്റ് ചെയ്തിരുന്നില്ല.
എന്നാൽ പിന്നീട് നടത്തിയ തിരച്ചിലിൽ എല്ലിന്റെ ഭാഗം കണ്ടെത്തുകയും ഡിഎൻഎ പരിശോധനയിൽ ഇത് രേഷ്മയുടേതാണെന്നു സ്ഥിരീകരിക്കുകയുമായിരുന്നു. പിന്നാലെയാണ് അറസ്റ്റ്. ക്രൈംബ്രാഞ്ച് കണ്ണൂർ എസ്പി പ്രജീഷ് തോട്ടത്തിലിന്റെ നേതൃത്വത്തിലാണ് കേസ് അന്വേഷണം നടത്തിയത്. 2010ലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. പ്ലസ് ടു പഠനം കഴിഞ്ഞ് കാഞ്ഞങ്ങാട് ടിടിസി പരിശീലത്തിനെത്തിയ രേഷ്മയെ കാണാതെയാവുകയായിരുന്നു. ഇത് സംബന്ധിച്ച് രേഷ്മയുടെ പിതാവ് മകളെ കാണാനില്ലെന്ന് കാണിച്ച് അമ്പലത്തറ പൊലീസിൽ പരാതി നൽകി.
പാണത്തൂർ ബാപ്പുങ്കയം സ്വദേശിയായ ബിജു പൗലോസ് പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി അപായപ്പെടുത്തി എന്നായിരുന്നു ബന്ധുക്കളുടെ പരാതി. എന്നാൽ ആദ്യ ഘട്ടത്തിൽ പൊലീസ് അന്വേഷണം നടത്തിയെങ്കിലും ഫലമുണ്ടായില്ല. ശേഷം ഹേബിയസ് കോർപസ് ആയി ആദ്യകേസ് ഫയൽ ചെയ്തു. 2022 വരെ ആ കേസ് തുടർന്ന് പോയി. എന്നാൽ കേസ് തൃപ്തികരമല്ലെന്നും സിബിഐയ്ക്ക് വിടണമെന്നും കാണിച്ച് 2023ൽ വീണ്ടും ഹൈക്കോടതിയിൽ കേസ് ഫയൽ ചെയ്തു. ശേഷം 2024 ഡിസംബറിൽ രേഷ്മ തിരോധാനക്കേസ് ക്രൈം ബ്രാഞ്ച് ഏറ്റെടുക്കുകയായിരുന്നു.