02 May, 2025 09:46:39 AM
കൊല്ലത്ത് ഏഴിനം കഞ്ചാവും എൽഎസ്ഡി സ്റ്റാമ്പുകളുമായി 27 കാരൻ പിടിയിൽ

കൊല്ലം: കൊല്ലത്ത് ഏഴിനം കഞ്ചാവും എൽഎസ്ഡി സ്റ്റാമ്പുമായി യുവാവ് പിടിയിൽ. കല്ലുതാഴം സ്വദേശി അവിനാശ് ശശി (27)യാണ് എക്സൈസ് പിടിയിലായത്. ഹൈബ്രിഡ് കഞ്ചാവിൻ്റെ ആൽബം ഉണ്ടാക്കുന്നതിനായി അവിനാശ് സൂക്ഷിച്ച ഉപയോഗിച്ച ശേഷമുള്ള കഞ്ചാവാണ് എക്സൈസ് പിടികൂടിയത്.
ഇന്നലെ രാത്രിയാണ് രഹസ്യവിവരത്തെ തുടർന്ന് എക്സൈസ് സംഘം യുവാവിൻ്റെ വീട്ടിലെത്തുന്നത്. പിന്നാലെ നടത്തിയ പരിശോധനയിലാണ് 20 ഗ്രാം ഹൈബ്രിഡ് കഞ്ചാവും 89 മില്ലി ഗ്രാം എൽഎസഡി സ്റ്റാമ്പും എക്സൈസ് കണ്ടെത്തിയത്. വിദേശ രാജ്യങ്ങളിൽ കണ്ട് വരുന്ന വൈറ്റ് റാൻ്റ്സ്, ബ്ലാക്ക് ബെറി, സ്ട്രോൺ ആപ്പിൾ, കോപ്പർ കുഷ്, ഗലാട്ടോ മിഷിഗൺ, റെയിൻബോ ഷെർലെറ്റ് എന്നീ കഞ്ചാവുകളാണ് എക്സൈസ് കണ്ടെത്തിയത്.
ചോദ്യം ചെയ്യലിൽ ഉപയോഗ ശേഷം ഇത് ആൽബം ഉണ്ടാക്കാനായി സൂക്ഷിച്ച് വെച്ചിരിക്കുന്നതാണെന്ന് യുവാവ് മൊഴി നൽകി. ഏതൊക്കെ കഞ്ചാവുകൾ ഉപയോഗിച്ചുവെന്നത് ഉൾപ്പെടുത്തി ആൽബം ഉണ്ടാക്കുക എന്ന വിചിത്ര ഹോബിയാണ് ഇതിന് പിന്നിൽ. പ്രതിക്ക് എങ്ങനെയാണ് ഇവ ലഭിച്ചതെന്നും ആരാണ് നൽകിയതെന്നും പൊലീസ് അന്വേഷിച്ച് വരികയാണ്.