29 April, 2025 09:04:59 PM


നിരന്തര ഉപദ്രവം, സ്ത്രീധന പീഡനം; യുവതിയുടെ മരണത്തിൽ പരാതി, ഭർത്താവ് കസ്റ്റഡിയിൽ



കണ്ണൂര്‍:  കണ്ണൂർ ഇരിട്ടിയിൽ യുവതിയുടെ ആത്മഹത്യ ഭര്‍തൃപീഡനം കാരണമാണെന്ന് കുടുംബം. പായം കേളന്‍പീടിക സ്വദേശി സ്‌നേഹയുടെ മരണത്തിലാണ് കുടുംബം പരാതിയുമായി രംഗത്തെത്തിയത്. സംഭവത്തില്‍ സ്‌നേഹയുടെ ഭര്‍ത്താവ് ജിനീഷിനെ പോലിസ് കസ്റ്റഡിയിലെടുത്തു. ഭര്‍ത്താവിന്റെയും ഇയാളുടെ കുടുംബാംഗങ്ങളുടെയും പീഡനത്തില്‍ മനംനൊന്താണ് ജീവനൊടുക്കുന്നതെന്ന് എഴുതിയ സ്‌നേഹയുടെ ആത്മഹത്യാക്കുറിപ്പും പോലിസിന് ലഭിച്ചു. തിങ്കളാഴ്ച വൈകീട്ടാണ് സ്‌നേഹയെ സ്വന്തം വീട്ടില്‍ ആത്മഹത്യ ചെയ്തനിലയില്‍ കണ്ടെത്തിയത്. 

2020 ജനുവരിയിലായിരുന്നു ഇരുവരുടേയും വിവാഹം. പിന്നീടിങ്ങോട്ട് ജിനീഷും കുടുംബവും നിരന്തരം സ്‌നേഹയെ ഉപദ്രവിക്കാറുണ്ടായിരുന്നുവെന്നാണ് സ്‌നേഹയുടെ ബന്ധുക്കളുടെ ആരോപണം. സ്ത്രീധനം ആവശ്യപ്പെട്ടും പലതവണ ഉപദ്രവിച്ചിരുന്നു. ഇതോടെ ഇരിട്ടി, ഉളിക്കല്‍ പോലിസ് സ്‌റ്റേഷനുകളില്‍ പരാതി നല്‍കി. എന്നാല്‍, പോലിസ് സ്‌റ്റേഷനില്‍വെച്ച് പരാതി ഒത്തുതീര്‍പ്പാക്കി വീണ്ടും ഇരുവരേയും ഒന്നിച്ചുവിടുകയായിരുന്നുവെന്നും ബന്ധുക്കള്‍ പറഞ്ഞു. 

കുഞ്ഞ് ജനിച്ച ശേഷം കുഞ്ഞ് വെളുത്തതാണെന്നും താന്‍ കറുത്തതാണെന്നും കുഞ്ഞ് തന്റേതല്ലെന്നും പറഞ്ഞും ജീനീഷ് സ്‌നേഹയെ ഉപദ്രവിച്ചിരുന്നതായാണ് ആരോപണം. ഏപ്രില്‍ 15ന് രാത്രി ഇതേച്ചൊല്ലി വലിയ വഴക്കുണ്ടായി. തുടര്‍ന്ന് സ്‌നേഹയെ കുടുംബം ഭര്‍തൃവീട്ടില്‍നിന്ന് സ്വന്തംവീട്ടിലേക്ക് കൂട്ടിക്കൊണ്ടുവരികയായിരുന്നു. ഇതിനുപിന്നാലെയാണ് കഴിഞ്ഞദിവസം സ്‌നേഹയെ സ്വന്തം വീട്ടില്‍ ജീവനൊടുക്കിയനിലയില്‍ കണ്ടെത്തിയത്. 


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 943