11 March, 2025 09:24:41 AM


ഛത്തിസ്ഗഢ് മുന്‍ മുഖ്യമന്ത്രിയുടെ വീട്ടില്‍ റെയ്ഡ്; ഇ ഡി ഉദ്യോ​ഗസ്ഥരുടെ വാഹനത്തിന് നേരെ കല്ലേറ്



റായ്പൂർ : ഛത്തീസ്ഗഢ് മുൻ മുഖ്യമന്ത്രി ഭൂപേഷ് ബാഗേലിൻ്റെ വസതിയിൽ റെയ്ഡിനെത്തിയ ഇഡി ഉദ്യോ​ഗസ്ഥരുടെ വാഹനം ആക്രമിച്ചതായി റിപ്പോർട്ട്. മദ്യകുംഭക്കോണവുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തിന്റെ ഭാ​ഗമായി തിങ്കളാഴ്ച്ച രാവിലെ ദുർ​ഗിലെ ഭൂപേഷിന്റെ വസതിയിലെത്തി റെയ്ഡ് നടത്തി തിരിച്ച് മടങ്ങവെ ആയിരുന്നു ആക്രമണം. ഭൂപേഷ് ബാ​ഗേലിന്റെ വീട്ടിൽ നിന്നും ഇ ഡി ഉദ്യോ​ഗസ്ഥരുടെ വാഹനത്തിലേക്ക് കല്ലെറിഞ്ഞെന്നാണ് ദേശീയമാധ്യമങ്ങളുടെ റിപ്പോർട്ട്. ആക്രമണത്തിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് എഫ് ഐ ആർ ഫയൽ ചെയ്തേക്കും.

ഭൂപേഷ് ബാ​ഗേലിന്റെയും മകൻ ചൈതന്യയുടെയും വസതികൾ ഉൾപ്പെടെ ദുർഗിലെ പതിനാലിടങ്ങളിൽ ഇഡി റെയ്ഡ് നടത്തിയിരുന്നു. കേന്ദ്രസർക്കാരിന്റെ രാഷ്ട്രീയ പകപോക്കലിന്റെ ഭാ​ഗമായാണ് തന്റെ വസതിയിൽ ഇ‍ഡി റെയ്ഡ് നടത്തിയതെന്നാണ് ഭൂപേഷ് ബാ​ഗേലിന്റെ ആരോപണം. പ്രതിപക്ഷത്തെ മനപൂർവ്വം കരിവാരി തേയ്ക്കാനാണ് ബിജെപിയുടെ ശ്രമമെന്നും ഭൂപേഷ് ആരോപിച്ചു. നിയമസഭയിൽ പോകാൻ പോലും തന്നെ ഇ ഡി അനുവദിച്ചില്ലെന്നും ഭൂപേഷ് ബാ​ഗേൽ പറഞ്ഞു.

'രാവിലെ 7:30 ന് താൻ ചായ കുടിച്ചുകൊണ്ടിരുന്നപ്പോൾ ഇഡി ഉദ്യോഗസ്ഥർ തന്റെ ദുർഗിലെ വസതിയിൽ എത്തി. ഛത്തീസ്ഗഢ് നിയമസഭയിൽ പങ്കെടുക്കാനോ, റെയ്ഡ് നടക്കുന്ന സമയത്ത് ഫോൺ ഉപയോഗിക്കാനോ തന്നെ അനുവദിച്ചിട്ടില്ല. തന്റെ മകൾ, മകൻ, മരുമകൾ, പേരക്കുട്ടികൾ എന്നിവർ താമസിക്കുന്ന വസതിയിലാണ് ഇ ഡി റെയ്ഡ് നടത്തിയത്. രാഷ്ട്രീയ പ്രവർത്തകനാണെങ്കിലും കൃഷിയാണ് ഉപജീവനമാർ​ഗം. 140 ഏക്കർ ഭൂമിയിലെ കൃഷിയാണ് തങ്ങളുടെ പ്രധാന വരുമാനം' എന്നും ഭൂപേഷ് ബാ​ഗേൽ കൂട്ടിച്ചേർത്തു.

അതേ സമയം ഭൂപേഷിന്റെ വീട്ടിൽ ഇഡി നോട്ടെണ്ണൽ യന്ത്രം കൊണ്ടുവന്നെന്ന ആരോപണം അദ്ദേഹം തള്ളിക്കളഞ്ഞു. അത് മാധ്യമങ്ങൾ മെനഞ്ഞ വാർത്തയാണെന്ന് അദ്ദേഹം ആരോപിച്ചു. തങ്ങൾക്ക് ധാരാളം ഭൂമിയും ആഭരണങ്ങളും ഉള്ളതിനാൽ പണം കണ്ടെടുത്തു. ആകെ 35 ലക്ഷം രൂപയാണ് കണ്ടെടുത്തത് എന്നും അതൊരു വലിയ തുകയല്ല എന്നും ഭൂപേഷ് ബാ​ഗേൽ പറയുന്നു.

2019 നും 2022 നും ഇടയിലുള്ള കാലഘട്ടത്തിൽ ഭൂപേഷ് ബാഗേലിന്റെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാർ സംസ്ഥാനം ഭരിച്ചിരുന്നപ്പോഴാണ് ഛത്തീസ്ഗഢിൽ മദ്യ കുംഭകോണം ആസൂത്രണം ചെയ്തതെന്ന് ഇഡി പറയുന്നു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 934