26 February, 2025 07:56:39 PM
ഉത്തര്‍പ്രദേശില്‍ രണ്ട് പേരെ ആക്രമിച്ച കടുവയെ തല്ലിക്കൊന്ന് ഗ്രാമവാസികള്‍; കേസെടുത്ത് പൊലീസ്

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ലഖിംപുര്‍ ഖേരിയില്‍ രണ്ട് പേരെ ആക്രമിച്ച കടുവയെ തല്ലിക്കൊന്ന് ഗ്രാമവാസികള്‍. ദുധ്വ ടൈഗര്‍ റിസര്‍വിലെ ബഫര്‍ സോണിന് സമീപമാണ് സംഭവം നടന്നത്. പ്രദേശവാസികള്‍ കടുവയെ സംഭവ സ്ഥലത്തുവെച്ചുതന്നെ കൊന്നതായി അധികൃതര്‍ അറിയിച്ചു.
രണ്ട് വയസ് പ്രായമുള്ള പെണ്‍കടുവയാണ് പ്രദേശവാസികളെ ആക്രമിച്ചത്. തുടര്‍ന്ന് നാട്ടുകാര്‍ കടുവയെ പിടികൂടി തല്ലിക്കൊല്ലുകയായിരുന്നു. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. പാലിയ തഹസില്‍ ഗ്രാമത്തില്‍ നിന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ കടുവയുടെ മൃതദേഹം കണ്ടെത്തിയതായി ദുധ്വ ബഫര്‍ സോണ്‍ ഡെപ്യൂട്ടി ഡയറക്ടര്‍ സൗരീഷ് സഹായ് പറഞ്ഞു. വെല്‍ഡ് ലൈഫ് സംരക്ഷണ നിയമത്തിലെ വകുപ്പുകള്‍ പ്രകാരം പാലിയ പൊലീസ് അജ്ഞാതര്‍ക്കെതിരെ കേസെടുത്തിട്ടുണ്ടെന്നും ഉദ്യോഗസ്ഥന്‍ പറഞ്ഞു.
നാഷണല്‍ ടൈഗര്‍ കണ്‍സര്‍വേഷന്‍ അതോറിറ്റി മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ച് കടുവയുടെ പോസ്റ്റ്‌മോര്‍ട്ടം നടത്തിയെന്നും സൗരീഷ് സഹായ് പറഞ്ഞു. വിശദമായ വിശകലത്തിനായി ആന്തരികാവയവങ്ങള്‍ ബറേലിയിലെ ഐസിഎആര്‍ ഇന്ത്യന്‍ വെറ്ററിനറി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.