04 February, 2025 09:04:38 AM


മലപ്പുറത്ത് വിവാഹം ഉറപ്പിച്ച പെൺകുട്ടി ജീവനൊടുക്കിയ നിലയിൽ; ആണ്‍സുഹൃത്ത് കൈ ഞരമ്പ് മുറിച്ചു



മലപ്പുറം : മലപ്പുറം മഞ്ചേരിയിൽ നിക്കാഹ് കഴിഞ്ഞ വിദ്യാർഥിനിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. 18 വയസ്സുള്ള ഷേർഷ സിനിവറിൻ്റെ മകൾ ഷൈമ സിനിവർ ആണ് മരിച്ചത്. പെൺകുട്ടി ജീവനൊടുക്കിയ ഉടൻ തന്നെ അയൽവാസിയായ 19കാരനും കൈ ഞരമ്പ് മുറിച്ച് ജീവനൊടുക്കാൻ ശ്രമിച്ചു. ഇരുവരും തമ്മിൽ പ്രണയത്തിലായിരുന്നുവെന്നാണ് ലഭിക്കുന്ന പ്രാഥമിക വിവരം. കഴിഞ്ഞ വെള്ളിയാഴ്ച്ചയായിരുന്നു ഷൈമയുടെ നിക്കാഹ്.

ആൺസുഹൃത്തായ 19കാരനെ വിവാഹം കഴിക്കാനായിരുന്നു പെൺകുട്ടിക്ക് ആഗ്രഹം. വിവാഹത്തിന് താല്പര്യമില്ലാത്തതാണ് പെൺകുട്ടി ജീവനൊടുക്കാൻ കാരണമെന്നും പൊലീസ് പറഞ്ഞു. ഷൈമയുടെ മൃതദേഹം മഞ്ചേരി ഗവ.മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ജീവനൊടുക്കാൻ ശ്രമിച്ച യുവാവും മഞ്ചേരി മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.മഞ്ചേരി തൃക്കലങ്ങോട് കാരക്കുന്നിലാണ് ഷൈമയെ മരിച്ച നിലയിൽ കണ്ടെത്തിയത്.

കാരക്കുന്ന് ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് ടു പഠനത്തിനു ശേഷം പിഎസ്‌സി പരീക്ഷാ പരിശീലനം നടത്തുകയായിരുന്നു ഷൈമ സിനിവര്‍. ഷൈമയുടെ പോസ്റ്റുമോർട്ടം ഇന്ന് നടക്കും.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K