12 January, 2024 12:49:05 PM
തിരുവനന്തപുരത്ത് കാറിടിച്ച് ബേക്കറിക്ക് മുന്നിൽ ബൈക്കിലിരുന്ന യുവാവ് മരിച്ചു

തിരുവനന്തപുരം: നിയന്ത്രണം വിട്ട കാർ ഇടിച്ച് കടവരാന്തയിൽ ബൈക്കിൽ ഇരിക്കുകയായിരുന്ന യുവാവ് മരിച്ചു. പാറശ്ശാല സ്വദേശി സജികുമാർ (22) ആണ് മരിച്ചത്. തിരുവനന്തപുരം നാഗർകോവിൽ ദേശീയ പാതയിൽ പാറശാല - പവതിയാൻവിളയിൽ ആണ് സംഭവം നടന്നത്. കാർ ഡ്രൈവർ മദ്യപിച്ചാണ് വണ്ടി ഓടിച്ചതെന്ന് പൊലീസ് പറഞ്ഞു. പരിക്ക് പറ്റിയ ഇയാളെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കവേ വാഹനത്തിൽ നിന്ന് ഇറങ്ങി ഓടിയെന്നും പൊലീസ് അറിയിച്ചു.
കഴിഞ്ഞ ദിവസം രാത്രി 12 മണിയോടെയാണ് അപകടം നടന്നത്. ബേക്കറിയിലെ ജീവനക്കാരനെ രാത്രിയിലെ ജോലി കഴിഞ്ഞ് കൊണ്ടുപോകാനായി ബേക്കറിയുടെ മുന്നിൽ ബൈക്കിൽ കാത്തു നില്‍ക്കുകയായിരുന്നു സജികുമാർ. അതിനിടെ കാർ നിയന്ത്രണം വിട്ട് ബൈക്കും ഓട്ടോറിക്ഷയും ഉൾപ്പെടെയുള്ള വാഹനങ്ങളെ ഇടിച്ചു തെറിപ്പിച്ച ശേഷം എതിർഭാഗത്തുള്ള കടയുടെ വശത്ത് ഇടിച്ച് കയറുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഇടിയുടെ ആഘാതത്തിൽ സജികുമാർ സംഭവ സ്ഥലത്ത് തന്നെ മരിച്ചു.
കാർ ഓടിച്ചിരുന്നത് പാറശ്ശാല പൊൻവിള സ്വദേശിയായ അമൽദേവാണ്. ഇയാള്‍ മദ്യപിച്ചിരുന്നുവെന്ന് നാട്ടുകാരും പൊലീസും പറയുന്നു. ഇയാളെ നെയ്യാറ്റിൻകരയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുന്നതിനിടയിൽ ഇറങ്ങിയോടി രക്ഷപ്പെട്ടെന്നും പൊലീസ് പറഞ്ഞു.