14 January, 2026 11:19:16 AM
ശുചിമുറിക്കുള്ളിൽ കഞ്ചാവ് കൃഷി; പൊന്നാനിയിൽ യുവാവ് പിടിയിൽ

പൊന്നാനി: വിൽപ്പനയ്ക്കായി വീട്ടിൽ കഞ്ചാവ് ചെടികൾ വളർത്തിയ സംഭവത്തിൽ പുതുപൊന്നാനി പൊന്നാക്കാരൻ ഹക്കീം (30) പൊന്നാനി പൊലീസിന്റെ പിടിയിലായി. ഇയാളുടെ വീട്ടിൽ നിന്ന് 25 കഞ്ചാവ് തൈകളും കഞ്ചാവിന്റെ വിത്തുകളും പൊലീസ് പിടികൂടി. പൊലീസ് നടത്തിയ പരിശോധനയിൽ വീട്ടിലെ ശുചിമുറിക്കുള്ളിൽ ചട്ടികളിൽ വളർത്തിയ നിലയിലാണ് കഞ്ചാവ് തൈകൾ കണ്ടെത്തിയത്. പിടിച്ചെടുത്ത കഞ്ചാവ് തൈകൾ വിൽപ്പന ലക്ഷ്യമിട്ടുള്ളതാണെന്ന് പൊലീസ് അറിയിച്ചു. എസ്ഐ ആന്റോയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയായ ഹക്കീമിനെ പിടികൂടിയത്. പിടിയിലായ ഹക്കീം ഭിന്നശേഷിക്കാരനാണ്.
എട്ടു വർഷം മുൻപ് നടന്ന ഒരു വാഹനാപകടത്തിൽ ഹക്കീമിന് വലത് കാൽപാദം നഷ്ടപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഇയാൾ ലഹരിവില്പനയിലേക്ക് തിരിഞ്ഞതെന്ന് പോലീസ് പറയുന്നു. ലഹരി ഇടപാടുകൾ നടത്തുന്നതായി പോലീസിന് നേരത്തെ സൂചന ലഭിച്ചിരുന്നു. എസ്‌ഐ ആന്റോ ഫ്രാൻസിസ്, എഎസ്‌ഐ എലിസബത്, സീനിയർ സിവിൽ പോലീസ് ഓഫീസർ നാസർ, സിവിൽ പോലീസ് ഓഫീസർമാരായ കൃപേഷ്, ഹരിപ്രസാദ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.




