30 December, 2025 08:19:16 PM
കൊല്ലത്ത് പാൽ തലയിൽ ഒഴിച്ച് ക്ഷീര കർഷകൻ്റെ പ്രതിഷേധം

കൊല്ലം: കൊല്ലം സൊസൈറ്റിയില്‍ പാല്‍ തലയില്‍ ഒഴിച്ച് യുവ ക്ഷീര കര്‍ഷകന്റെ പ്രതിഷേധം. കൊല്ലം പരവൂരിലെ കൂനയിലുള്ള പാല്‍ സൊസൈറ്റിയിലാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. യുവ കര്‍ഷകനായ വിഷ്ണുവാണ് പാല്‍ തലയില്‍ ഒഴിച്ച് പ്രതിഷേധിച്ചത്. താന്‍ കൊണ്ടുവരുന്ന പാല്‍ മാത്രം പിരിഞ്ഞ് പോകുന്നുവെന്നാണ് സൊസൈറ്റി അധികൃതര്‍ പറയുന്നതെന്നും ഇത് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്നും പറഞ്ഞാണ് കര്‍ഷകന്‍ പ്രതിഷേധിച്ചത്. ഇന്ന് രാവിലെയായിരുന്നു സംഭവം. പ്രതിഷേധത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ അടക്കം ചര്‍ച്ചയായി.
കഴിഞ്ഞ കുറച്ചു വര്‍ഷമായി ഈ സൊസൈറ്റിയില്‍ പാല്‍ നല്‍കുന്ന വ്യക്തിയാണ് താനെന്ന് വിഷ്ണു പറഞ്ഞു. തന്റെ പാലിന് മാത്രമാണ് പ്രശ്‌നമെന്നാണ് ഇവര്‍ പറയുന്നത്. താന്‍ ഒരു മാസം പത്തറുപത് പശുക്കളെ വില്‍ക്കുന്ന കര്‍ഷകനാണ്. താന്‍ പശുക്കളെ വില്‍ക്കുന്നതിലുള്ള അസൂയ കൊണ്ടാണ് ഇവര്‍ പാല്‍ എടുക്കാത്തത്. താന്‍ കൊടുക്കുന്ന പാല്‍ മറ്റൊരാളുടെ പേരിലേക്ക് മാറ്റി ഒഴിക്കുന്ന സംഭവവുമുണ്ട്. സൊസൈറ്റിയുടെ ഈ നിലപാടുകൊണ്ട് താന്‍ ഏറെ കഷ്ടപ്പെടുകയാണ്. തന്നെ ദ്രോഹിക്കുകയാണെന്നും കര്‍ഷകന്‍ പറഞ്ഞു.
ഈ സൊസൈറ്റിയില്‍ എസ്എന്‍എഫോ റീഡിങ്ങോ ഒന്നുമില്ല. കള്ളക്കളികളാണ് ഇവിടെ നടക്കുന്നത്. തങ്ങള്‍ കൊണ്ടുവരുന്ന പാലിന് മാത്രമാണ് പ്രശ്‌നം. സംഘടിതമായി തന്നെ തളര്‍ത്താനുള്ള ശ്രമമാണ് നടക്കുന്നത്. തനിക്കെതിരെ സൊസൈറ്റി അധികൃതര്‍ കള്ളക്കേസ് നല്‍കിയെന്നും കര്‍ഷകന്‍ പറഞ്ഞു. അതേസമയം വിഷ്ണു കൊണ്ടുവരുന്ന പാലിന്റെ ഡെന്‍സിറ്റി കൃത്യമല്ലെന്നാണ് സൊസൈറ്റിയുടെ വിശദീകരണം. പാല്‍ പിരിഞ്ഞ് പോകുന്നുണ്ടെന്നും സൊസൈറ്റി അധികൃതര്‍ വ്യക്തമാക്കി.




