29 December, 2025 06:48:00 PM
കഴുത്തിന് പരിക്ക്; കഴക്കൂട്ടത്തെ നാലുവയസുകാരന്‍റെ മരണം കൊലപാതകം

കഴക്കൂട്ടം: തിരുവനന്തപുരം കഴക്കൂട്ടത്ത് ബംഗാൾ സ്വദേശിയുടെ നാലുവയസ്സായ കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്. കഴുത്തിനേറ്റ പരിക്കാണ് മരണകാരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. കഴുത്തില്‍ എന്തുകൊണ്ടോ മുറുക്കിയ പാടുകള്‍ ഡോക്ടര്‍മാര്‍ കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെ കുട്ടിയുടെ അമ്മ, ആണ്‍ സുഹൃത്ത് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.
ബംഗാള്‍ സ്വദേശിനിയായ മുന്നി ബീഗത്തിന്റെ നാലുവയസ്സുള്ള മകന്‍ ഗില്‍ദറിനെയാണ് ഞായറാഴ്ച വൈകീട്ട് ആറുമണിയോടെ കഴക്കൂട്ടത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചത്. കുട്ടി ഉച്ചയ്ക്ക് ഭക്ഷണം കഴിച്ചശേഷം കിടന്ന് ഉറങ്ങുകയായിരുന്നു എന്നും പിന്നീട് ഉണര്‍ന്നില്ല എന്നുമാണ് മാതാവ് ആശുപത്രി അധികൃതരോട് പറഞ്ഞത്. എന്നാല്‍ കുട്ടിയെ പരിശോധിച്ച ഡോക്ടര്‍ കുട്ടിയുടെ കഴുത്തില്‍ മുറിവുകള്‍ കണ്ടെത്തിയതോടെ അധികൃതര്‍ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.
കുട്ടിയുടെ അമ്മയേയും ആണ്‍സുഹൃത്തിനെയും പൊലീസ് നേരത്തെ കസ്റ്റഡിയിലെടുത്തിയിരുന്നു. ചോദ്യം ചെയ്യലില്‍ ഇവര്‍ കുറ്റം സമ്മതിക്കാന്‍ തയ്യാറായിട്ടില്ലെന്നാണ് വിവരം. രണ്ടാഴ്ച മുമ്പാണ് ഒന്നര വയസ്സ് പ്രായം ഉള്ള ഇളയ കുഞ്ഞും മരണപ്പെട്ട കുട്ടിയുമായി ഇവര്‍ ഇവിടെ താമസത്തിന് എത്തിയത്. രണ്ടുമാസം മുന്‍പും ഇവര്‍ ഇതേ ലോഡ്ജില്‍ താമസിച്ചിരുന്നതായി പൊലീസിന് വിവരം ലഭിച്ചു. ആലുവയില്‍ താമസിച്ചിരുന്ന ഇവര്‍ ഭര്‍ത്താവുമായി പിണങ്ങിയാണ് കുഞ്ഞുങ്ങളുമായി ഇവിടെ എത്തിയതെന്നാണ് വിവരം. ഇവര്‍ താമസിച്ചിരുന്ന ലോഡ്ജില്‍ ഫോറന്‍സിക് വിഭാഗം പരിശോധന നടത്തി തെളിവുകള്‍ ശേഖരിച്ചിരുന്നു.




