20 December, 2025 10:24:43 AM
കണ്ണൂരിൽ വീട്ടുകാർ വിമാനത്താവളത്തിൽ പോയ സമയത്ത് 27 പവൻ സ്വർണം മോഷ്ടിച്ചു

ഉളിക്കല്‍: നുച്യാട് വീട്ടില്‍ നിന്നും 27 പവന്‍ സ്വര്‍ണാഭരണങ്ങള്‍ മോഷണം പോയി. നെല്ലിക്കല്‍ ബിജുവിന്റെ വീട്ടിലെ അലമാരയില്‍ സൂക്ഷിച്ച സ്വര്‍ണമാണ് നഷ്ടമായത്. വിദേശത്ത് നിന്നും നാട്ടിലേക്ക് വരുന്ന ബിജുവിനെ കൂട്ടിക്കൊണ്ടുവരുന്നതിനായി ഭാര്യയും മകളും കരിപ്പൂര്‍ വിമാനത്താവളത്തില്‍ പോയ സമയത്താണ് മോഷണം നടന്നത്. വീട്ടില്‍ ബിജുവിന്റെ അച്ഛന്‍ മാത്രമാണ് ഉണ്ടായിരുന്നത്.
അച്ഛന്‍ ചായ കുടിക്കാന്‍ കടയിലേക്ക് പോയ സമയത്താകാം ആഭരണങ്ങള്‍ നഷ്ടമായതെന്ന് കരുതുന്നു. വീടിന്റെ വാതില്‍ ലോക്ക് ചെയ്യാതെയായിരുന്നു അച്ഛന്‍ പുറത്തേക്ക് പോയത്. ബിജുവും കുടുംബവും വീട്ടിലേക്ക് എത്തിയപ്പോഴാണ് മോഷണവിവരം അറിഞ്ഞത്. ഉടന്‍ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു.
സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. വീടും പരിസരവും കൃത്യമായി അറിയുന്നവരാകാം കവര്‍ച്ച നടത്തിയതെന്ന നിഗമനത്തിലാണ് പൊലീസും കുടുംബവും. കണ്ണൂരില്‍ നിന്നുള്ള ഡോഗ് സ്‌ക്വാഡ് സ്ഥലത്തെത്തി പരിശോധന നടത്തി.



