18 December, 2025 08:02:47 PM
മലപ്പുറത്ത് പൂജാരി ക്ഷേത്രക്കുളത്തില്‍ മരിച്ച നിലയില്‍

മലപ്പുറം: പൂജാരിയെ ക്ഷേത്രക്കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വാരണാക്കര മൂലേക്കാവ് ക്ഷേത്രത്തിലെ പൂജാരി എറണാകുളം പറവൂര്‍ സ്വദേശി ശരത് ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ ആറരയോടെയാണ് മൃതദേഹം കുളത്തില്‍ പൊങ്ങിയത്. പൂജാരി അബദ്ധത്തില്‍ കാല് തെറ്റി കുളത്തിലേക്ക് വീണതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
മരണത്തില്‍ മറ്റ് അസ്വാഭാവികതകള്‍ ഉണ്ടോ എന്ന് പരിശോധിച്ചുവരികയാണ്. നാലുമാസം മുന്‍പ് ജോലിയില്‍ പ്രവേശിച്ച ശരത് ക്ഷേത്രത്തിനോട് ചേര്‍ന്ന വീട്ടിലായിരുന്നു താമസിച്ചിരുന്നത്. ബുധനാഴ്ച വൈകുന്നേരം പൂജ കഴിഞ്ഞ് ക്ഷേത്രം അടച്ച ശേഷം വ്യാഴാഴ്ച രാവിലെ തുറന്നിരുന്നില്ല.
തുടര്‍ന്ന് മറ്റ് ജീവനക്കാര്‍ നടത്തിയ തെരച്ചിലില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. തിരൂരില്‍ നിന്നെത്തിയ ഫയര്‍ഫോഴ്‌സ് അംഗമാണ് മൃതദേഹം പുറത്തെടുത്തത്. കല്‍പകഞ്ചേരി പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി മഞ്ചേരി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.




