18 December, 2025 09:49:09 AM


മലപ്പുറത്ത് കാര്‍ യാത്രക്കാരനെ ആക്രമിച്ച് 2 കോടി രൂപ തട്ടിയ കേസ്; സൂത്രധാരൻ അറസ്റ്റിൽ



മലപ്പുറം: മലപ്പുറം തെന്നലയിൽ കാര്‍ യാത്രക്കാരനെ ആക്രമിച്ച് രണ്ട് കോടി രൂപ തട്ടിയ കേസിൽ സൂത്രധാരൻ അറസ്റ്റിൽ. കൂരിയാട് സ്വദേശി ഏറിയാടൻ സാദിഖ് അലിയാണ് അറസ്റ്റിലായത്. പണം നഷ്ടപ്പെട്ട തെന്നല സ്വദേശി പറമ്പിൽ മുഹമ്മദ് ഹനീഫയുടെ ജോലിക്കാരനാണ് സാദിഖ് അലി. കവര്‍ച്ചയ്ക്ക് പ്രതികൾ എത്തിയ കാര്‍ വാങ്ങി നൽകിയതും സാദിഖാണ് എന്ന് പൊലീസ് കണ്ടെത്തിയിരുന്നു. കവര്‍ച്ചയ്ക്ക് പിന്നാലെ ഒളിവിലായിരുന്നു സാദിഖ് അലി. ഓഗസ്റ്റ് 14 നായിരുന്നു തെന്നല സ്വദേശികളുടെ പണം തട്ടിയത്.

ഓഗസ്റ്റ് 14 ന് രാത്രിയിലാണ് പ്രവാസിയായ തെന്നല സ്വദേശി  മുഹമ്മദ്‌ ഹനീഫ് സഞ്ചരിച്ച കാറ് തടഞ്ഞ് നിർത്തി ആക്രമിച്ച് നാലംഗ സംഘം രണ്ട് കോടി രൂപ കവര്‍ന്നത്. കവര്‍ച്ചക്ക് ശേഷം കടന്ന് കളഞ്ഞ സംഘത്തെ പിന്തുടർന്ന് പൊലീസ് ഗോവയിൽ എത്തിയിരുന്നു. ഇതിനിടയില്‍ പ്രതികള്‍ കോഴിക്കോട്ടേക്ക് മടങ്ങി. അവിടെവെച്ചാണ്  മലപ്പുറം തിരൂരങ്ങാടി സ്വദേശി കരീം,പരപ്പനങ്ങാടി സ്വദേശി രജീഷ് എന്നിവരെ അന്വേഷണസംഘം അറസ്റ്റ് ചെയ്തത്. ഇവരിൽ നിന്നും കിട്ടിയ വിവരം അനുസരിച്ച് തിരൂരങ്ങാടി പന്താരങ്ങാടി സ്വദേശിയായ ഒരാളേയും പൊലീസ് കസ്റ്റഡിയിലെടുത്തു. ആക്രമിച്ച് പണം കവർന്ന നാല് പേരും ക്വട്ടേഷൻ സംഘമാണെന്ന് പൊലീസ് കണ്ടെത്തി. ഇവരുടെ ചോദ്യം ചെയ്യലിലാണ് നടന്നത് ക്വട്ടേഷനാണെന്ന്  പൊലീസിന് വ്യക്തമായത്. തുടര്‍ന്ന് നടത്തിയ അന്വേഷണമാണ് സാദിഖ് അലിയിലേക്ക് എത്തിയത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 929