06 December, 2025 09:14:35 AM
കതിരൂരിൽ നിർമാണത്തിലിരിക്കുന്ന വീടിൻ്റെ സെപ്റ്റിക് ടാങ്കിൽ വീണ് 3 വയസുകാരന് ദാരുണാന്ത്യം

കണ്ണൂർ: കതിരൂരിൽ നിർമാണത്തിലിരിക്കുന്ന വീടിൻ്റെ സെപ്റ്റിക് ടാങ്കിൽ വീണ് മൂന്ന് വയസുകാരന് ദാരുണാന്ത്യം . പുല്യോട് വെസ്റ്റ് പാട്യം നഗർ മലമ്മൽ ഹൗസിൽ അൻഷിലിൻ്റെ മകൻ മാർവാൻ ആണ് മരിച്ചത്. കളിക്കുന്നതിനിടെ അബദ്ധത്തിൽ സെപ്റ്റിക് ടാങ്കിലേക്ക് വീണതാണെന്നാണ് നിഗമനം. വൈകുന്നേരം അംഗനവാടിയിൽ നിന്ന് തിരിച്ചെത്തിയ ശേഷം തൊട്ടടുത്തുള്ള കുടുംബവീട്ടിൽ കളിക്കാൻ പോയതായിരുന്നു മാർവാൻ. കുട്ടിയെ കാണാത്തതിനെ തുടർന്ന് വീട്ടുകാരും അയൽവാസികളും നടത്തിയ തിരച്ചിലിലാണ് സെപ്റ്റിക് ടാങ്കിനുള്ളിൽ കണ്ടെത്തിയത്. പ്ലാസ്റ്ററിങ് ജോലികൾക്ക് ശേഷം ചോർച്ച പരിശോധിക്കാൻ വെള്ളം നിറച്ച നിലയിലായിരുന്നു ടാങ്ക് . അപകടം ശ്രദ്ധയിൽ പെട്ട ഉടൻ കുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല. കുട്ടിയുടെ മൃതദേഹം തലശേരി ജനറൽ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.



