17 November, 2025 12:40:14 PM
ഡ്രൈവര്‍ മദ്യലഹരിയിൽ; നിയന്ത്രണം മറികടന്ന കാര്‍ ദേശീയപാത പാലത്തിന്‍റെ വിടവില്‍ വീണു

കണ്ണൂര്‍: നിയന്ത്രണം മറികടന്ന് ഓടിച്ച കാര്‍ നിര്‍മ്മാണം നടക്കുന്ന ദേശീയപാത ബൈപ്പാസിലെ മേല്‍പ്പാലത്തിനും അടിപ്പാതയ്ക്കും ഇടയില്‍ കുടുങ്ങി. തലകുത്തനെ തൂങ്ങിക്കിടന്ന കാര്‍ നാട്ടുകാരും ദേശീയപാത നിര്‍മാണത്തൊഴിലാളികളും ചേര്‍ന്ന് 20 മിനിറ്റോളം പരിശ്രമിച്ചാണ് പുറത്തെടുത്തത്.
ചാല കവലക്ക് സമീപം ദേശീയപാത 66 ല്‍ ഞായറാഴ്ച വൈകീട്ടാണ് സംഭവം. കാര്‍ ഓടിച്ച മലപ്പുറം കൊണ്ടോട്ടി സ്വദേശി ലാസിമിനെതിരെ (29)എടക്കാട് പൊലീസ് കേസെടുത്തു. ഇയാള്‍ മദ്യലഹരിയില്‍ ആയിരുന്നുവെന്ന് പൊലീസ് പറയുന്നു.
ബൈപാസ് പണി നടക്കുന്നതിനാല്‍ ഗതാഗതം നിരോധിച്ച സ്ഥലത്തേക്കാണ് കാര്‍ ഓടിച്ചുകയറ്റിയത്. മേല്‍പാലം അപ്രോച്ച് റോഡുമായി ബന്ധിപ്പിക്കുന്ന വിടവില്‍ വെച്ചാണ് കാര്‍ താഴോട്ട് വീണത്. മേല്‍പ്പാലം മറുഭാഗവുമായി കൂട്ടിയോജിപ്പിക്കാനുള്ള ഭാഗത്തെ വിടവിലേക്കാണ് വീണത്.
കമ്പികള്‍ക്കിടയില്‍ കാര്‍ തങ്ങി നില്‍ക്കുകയായിരുന്നു. അഗ്നിരക്ഷാസേനയുടെ സഹായത്തോടെ ക്രെിന്‍ ഉപയോഗിച്ച് കാര്‍ സുരക്ഷിതമായി മുകളിലേക്ക് വലിച്ചുകയറ്റി. കാര്‍ ഓടിച്ചിരുന്ന ലാസിമിന് കാര്യമായ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.



