10 November, 2025 06:58:43 PM
ഉപ്പളയിൽ സ്വന്തം വീടിന് നേരെ വെടിയുതിർത്തത് 14-കാരൻ: എയർഗൺ കസ്റ്റഡിയിൽ

കാസർഗോഡ്: ഉപ്പളയിൽ സ്വന്തം വീടിന് നേരെ വെടിയുതിർത്ത 14- കാരൻ പിടിയിൽ. വെടിവയ്ക്കാൻ ഉപയോഗിച്ച എയർഗൺ പോലീസ് കസ്റ്റഡിയിലെടുത്തു. ഉപ്പള ദേശീയപാതയ്ക്ക് സമീപം ഹിദായത്ത് ബസാറിലെ ഒരു പ്രവാസിയുടെ വീട്ടിലാണ് സംഭവം.
ശനിയാഴ്ച വൈകിട്ടാണ് വീടിന്റെ മുകൾനിലയിലെ ബാൽക്കണിയിൽ വെടിവെയ്ക്കുന്ന ശബ്ദം കേട്ടത്. ജനൽ ചില്ല് തകരുകയും അവിടെനിന്ന് അഞ്ച് പെല്ലറ്റുകൾ കണ്ടെത്തുകയും ചെയ്തിരുന്നു. വെടിവയ്പ്പുണ്ടായ കാര്യം കുട്ടി തന്നെയാണ് വീട്ടുകാരെ അറിയിച്ചത്. ആക്രമണം നടക്കുമ്പോൾ മാതാവും മറ്റു രണ്ടു മക്കളും പുറത്തുപോയിരുന്നു. പതിനാലുകാരൻ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.
കാറിലെത്തിയ സംഘമാണ് ആക്രമണം നടത്തിയതെന്നാണ് കുട്ടി ആദ്യം പൊലീസിന് നൽകിയ മൊഴി. എന്നാൽ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ സംഭവസമയത്ത് കാർ വന്നതായി കണ്ടെത്താൻ സാധിച്ചില്ല. തുടർന്ന് സംശയം തോന്നിയ പൊലീസ് കുട്ടിയെ വിളിച്ചുവരുത്തി ചോദ്യം ചെയ്തപ്പോഴാണ് സത്യം പുറത്തുവന്നത്. വീട്ടിൽ ആരുമില്ലാതിരുന്ന സമയത്ത് പിതാവിന്റെ എയർഗൺ എടുത്ത് വെടിയുതിർക്കുകയായിരുന്നു എന്ന് കുട്ടി ചോദ്യം ചെയ്യലിൽ സമ്മതിച്ചു.
എന്തിനാണ് വെടിവെച്ചതെന്ന കാര്യത്തിൽ ഇപ്പോഴും വ്യക്തതയില്ല. സംഭവത്തിൽ തുടർ നടപടികൾ സ്വീകരിക്കുന്നതിനെക്കുറിച്ച് പൊലീസ് ആലോചിക്കുകയാണ്. ഫൊറൻസിക് വിദഗ്ധരും സംഭവസ്ഥലത്ത് പരിശോധന നടത്തിയിരുന്നു.



