07 November, 2025 09:23:50 AM


മുംബൈയില്‍ ട്രെയിന്‍ ഇടിച്ച് രണ്ടുപേര്‍ മരിച്ചു; മൂന്നുപേര്‍ക്ക് പരിക്ക്



മുംബൈ: മുംബൈയിൽ ട്രെയിൻ അപകടം. 2 പേർ മരിച്ചു. 3 പേർക്ക് പരുക്ക്. ട്രെയിൻ യാത്രക്കാരെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. സാൻഡ്‌ഹേഴ്‌സ്റ്റ് സ്റ്റേഷന് സമീപം ആണ് അപകടം. ട്രാക്കിലൂടെ നടക്കുകയായിരുന്നു യാത്രക്കാരെ ആണ് ട്രെയിൻ ഇടിച്ചു തെറിപ്പിച്ചത്. ഇന്നലെ രാത്രി ഏഴുമണിയോടെയാണ് ദാരുണമായ സംഭവം നടന്നത്. സെൻട്രൽ റെയിൽവേ ഗതാഗതം പെട്ടെന്ന് നിർത്തിവച്ചതാണ് കാരണം. ഒടുവിൽ, ട്രെയിൻ ഗതാഗതം പുനരാരംഭിക്കുമെന്ന പ്രതീക്ഷ നഷ്ടപ്പെട്ട ചില യാത്രക്കാർ ട്രാക്കിലൂടെ നടക്കാൻ തീരുമാനിച്ചതാണ് അപകടത്തിന് വഴിയൊരുക്കിയത് .

യാത്രക്കാരുടെ തിരക്കിനിടെ ഗതാഗതം പൂർണമായും നിർത്തി വച്ച് റെയിൽവേ ജീവനക്കാർ നടത്തിയ പ്രതിഷേധമാണ് ഈ അപകടത്തിന് കാരണമെന്ന് യാത്രക്കാർ ആരോപിക്കുന്നു. മുംബൈ ലോക്കൽ ട്രെയിൻ അപകട കേസിൽ രണ്ട് എഞ്ചിനീയർമാർക്കെതിരെ സ്വീകരിച്ച നടപടിക്കെതിരെ ഛത്രപതി ശിവാജി മഹാരാജ് ടെർമിനസിൽ റെയിൽവേ ജീവനക്കാരുടെ സംഘടനകൾ നടത്തിയ പ്രതിഷേധത്തെ തുടർന്നാണ് അപകടം സംഭവിച്ചത്. വൈകുന്നേരം 5:40 ഓടെ പ്രതിഷേധം ആരംഭിച്ച് 6:40 വരെ തുടർന്നു.

ഈ പ്രതിഷേധത്തിനിടെ, സെൻട്രൽ, ഹാർബർ റെയിൽവേകളിലെ ഗതാഗതം പൂർണമായും നിർത്തിവച്ചു. പിന്നീട് , മുതിർന്ന ഉദ്യോഗസ്ഥരുടെ മധ്യസ്ഥതയെത്തുടർന്ന് പ്രതിഷേധം താൽക്കാലികമായി നിർത്തി വയ്ക്കുകയായിരുന്നു.റെയിൽവേ ജീവനക്കാരുടെ പ്രക്ഷോഭം കാരണം സെൻട്രൽ റെയിൽവേയിലും ഹാർബർ റെയിൽവേയിലും ഗതാഗതം തടസ്സപ്പെട്ടു. ഓഫീസ് വിട്ട് മടങ്ങുന്ന പതിനായിരങ്ങളാണ് മുന്നറിയിപ്പില്ലാതെ നടന്ന സമരത്തിൽ വലഞ്ഞത്.

സെൻട്രൽ റെയിൽവേയിലെ ഗതാഗതം ഒരു മണിക്കൂറോളം നിർത്തിവച്ചു. ഇതുമൂലം സിഎസ്എംടി, ദാദർ, താനെ, കുർള, ഘാട്‌കോപ്പർ തുടങ്ങിയ വിവിധ റെയിൽവേ സ്റ്റേഷനുകളിൽ യാത്രക്കാരുടെ വലിയ തിരക്കാണ് അനുഭവപ്പെട്ടത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 1.1K