06 November, 2025 08:21:11 PM
സ്‌കൂൾ ഗ്രൗണ്ടിലേക്ക് കാര്‍ ഓടിച്ചു കയറ്റിയത് 16കാരൻ: ലൈസൻസ് നൽകുന്നത് 25 വയസ് വരെ തടഞ്ഞു

കോഴിക്കോട്: കൂത്താളി വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ററി സ്കൂള്‍ ഗ്രൗണ്ടിലേക്ക് കാര്‍ ഓടിച്ചു കയറ്റിയത് 16കാരൻ. സംഭവത്തിൽ പൊലീസും എംവിഡിയും നടപടി സ്വീകരിച്ചു. കാറിന്റെ ആർസി സസ്‌പെൻഡ് ചെയ്യുമെന്ന് എംവിഡി വ്യക്തമാക്കി. 16കാരന് 25 വയസുവരെ ലൈസൻസ് നൽകില്ല. വാഹനം പൊലീസ് കസ്റ്റഡിയിൽ എടുത്തിരിക്കുകയാണ്.
ഇന്നലെയാണ് ഗ്രൗണ്ടിൽ കുട്ടികൾ കളിച്ചുകൊണ്ടിരിക്കവെ പതിനാറുകാരൻ കാറുമായെത്തി അഭ്യാസപ്രകടനം നടത്തിയത്. കുട്ടികള്‍ ഓടി മാറിയത് കൊണ്ട് മാത്രം കാറിടിക്കാതെ രക്ഷപ്പെട്ടു. രണ്ടും മൂന്നും തവണ കുട്ടികൾ ഓടിമാറുന്നതായി പുറത്തുവന്ന ദൃശ്യങ്ങളിൽ കാണാം.
ഉപജില്ലാ കലോത്സവമായതിനാൽ കൂത്താളി വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ററി സ്കൂളിന് അവധി നല്‍കിയിരുന്നു. സ്കൂളിലെ ഫുട്ബോൾ ടീം അംഗങ്ങളായ വിദ്യാർഥികള്‍ രാവിലെ പത്തരയോടെ സ്കൂള്‍ ഗ്രൗണ്ടില്‍ പരിശീലനം നടത്തുകയായിരുന്നു. ഇതിനിടെയാണ് കാർ എത്തിയത്. വളരെ വേഗത്തിലെത്തിയ കാര്‍ കുട്ടികള്‍ക്കിടയിലേക്ക് പാഞ്ഞടുത്തു. തുടര്‍ന്ന് സ്കൂളിലെ അധ്യാപകര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.




