05 November, 2025 12:20:03 PM
കണ്ണൂരില്‍ മൂന്ന് മാസം പ്രായമായ കുഞ്ഞ് കിണറ്റിൽ വീണ് മരിച്ച സംഭവം; അമ്മ അറസ്റ്റിൽ

കണ്ണൂര്‍: കണ്ണൂരില്‍ മൂന്ന് മാസം പ്രായമുള്ള കുഞ്ഞിന്റെ കൊലപാതകത്തിൽ അമ്മ അറസ്റ്റിൽ. കുറുമാത്തൂർ പൊക്കുണ്ടിലെ മുബഷീറയുടെ അറസ്റ്റ് രേഖപ്പെടുത്തി. കുഞ്ഞിനെ കിണറ്റില്‍ എറിഞ്ഞതാണെന്ന് മുബഷീറ മൊഴി നല്‍കിയിരുന്നു. കുളിപ്പിക്കുന്നതിനായി കിണറിന്റെ ഭാഗത്ത് കൊണ്ടുപോയപ്പോള്‍ കുഞ്ഞ് വഴുതി അബദ്ധത്തില്‍ കിണറ്റില്‍ വീണു എന്നായിരുന്നു അമ്മ ആദ്യം നാട്ടുകാരോടും പിന്നീട് പൊലീസിനോടും പറഞ്ഞത്. വിശദമായ ചോദ്യം ചെയ്യലിലായിരുന്നു കുഞ്ഞിനെ കൊലപ്പെടുത്തിയതാണെന്ന് അമ്മ മൊഴി നല്‍കിയത്.
തുടക്കം മുതല്‍ പൊലീസിന് സംശയങ്ങളുണ്ടായിരുന്നു. അതിന് പ്രധാന കാരണം കിണറിന് ഗ്രില്ലിട്ടിരുന്നു എന്നതായിരുന്നു. മാത്രവുമല്ല കിണറിന്റെ ഒരു ഭാഗം വലയിട്ടും മൂടുകയും ചെയ്തിരുന്നു. അത്രയും സുരക്ഷാ സംവിധാനങ്ങളുണ്ടായിരുന്നിട്ടും കുട്ടി എങ്ങനെ കിണറ്റില്‍ വീണു എന്നതായിരുന്നു പൊലീസിനെ സംശയത്തിന് ഇടയാക്കിയത്. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലായിരുന്നു കുഞ്ഞിനെ കിണറ്റില്‍ എറിഞ്ഞതാണെന്ന് അമ്മ സമ്മതിച്ചത്.



