02 November, 2025 07:23:19 PM
ബെംഗളൂരുവിൽ എംബിഎ ബിരുദധാരിയായ യുവതി മരിച്ച നിലയിൽ

ബെംഗളൂരു: ബെംഗളൂരുവില്‍ എംബിഎ ബിരുദധാരിയായ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി. കര്‍ണാടകയിലെ ദാവന്‍ഗെരെ സ്വദേശിയായ യുവതിയെയാണ് വാടകവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. വടക്കന്‍ ബെംഗളൂരുവിലെ സുബ്രമണ്യനഗര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലുളള ഗായത്രി നഗറിലെ വീട്ടിലാണ് യുവതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹം അഴുകിയ നിലയിലായിരുന്നു.
യുവതി വീടിന്റെ മൂന്നാം നിലയില്‍ വാടകയ്ക്ക് താമസിക്കുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. ഒന്നര വര്‍ഷമായി യുവതി ഒറ്റയ്ക്കായിരുന്നു താമസമെന്നും അവര്‍ വിഷാദരോഗിയായിരുന്നെന്നും പൊലീസ് അറിയിച്ചു. ദിവസങ്ങളോളം ഫോണില്‍ ബന്ധപ്പെടാന്‍ കഴിയാതെ വന്നതോടെ വീട്ടുകാര്‍ വീട്ടുടമസ്ഥനെ ബന്ധപ്പെട്ടപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്.
വീട് അകത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. മരണകാരണം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷമേ സ്ഥിരീകരിക്കാനാവുകയുളളുവെങ്കിലും ദിവസങ്ങള്‍ക്ക് മുന്‍പേ യുവതി മരിച്ചിരിക്കാമെന്നാണ് പൊലീസ് സംശയിക്കുന്നത്. അവരുടെ മൊബൈല്‍ ഫോണ്‍ ഫോറന്‍സിക് സയന്‍സ് ലബോറട്ടറിയിലേക്ക് അയക്കും. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.




