30 October, 2025 04:17:27 PM


ബെംഗളൂരുവില്‍ ഡെലിവറി ബോയിയെ കാറിടിപ്പിച്ച് കൊന്നു; മലയാളി ദമ്പതികള്‍ അറസ്റ്റില്‍



ബംഗളൂരു: കാറില്‍ സ്‌കൂട്ടര്‍ ഉരസിയതിനെച്ചൊല്ലിയുള്ള തര്‍ക്കത്തെത്തുടര്‍ന്ന് ഡെലിവറി ബോയിയെ പിന്തുടര്‍ന്ന് കൊലപ്പെടുത്തിയ കേസില്‍ മലയാളി യുവാവും ഭാര്യയും ബംഗളൂരുവില്‍ അറസ്റ്റില്‍. കളരിപ്പയറ്റ് പരിശീലകനും മലയാളിയുമായ മനോജ് കുമാര്‍ (32) ഭാര്യ ജമ്മു കശ്മീര്‍ സ്വദേശിനി ആരതി ശര്‍മ്മ (30) എന്നിവരാണ് അറസ്റ്റിലായത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ 14 ദിവസം ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.

ഡെലിവറി ബോയിയായ ഉത്തരഹള്ളി സ്വദേശി ദര്‍ശന്‍ ആണ് കൊല്ലപ്പെട്ടത്. ഒക്ടോബര്‍ 25 ന് പുട്ടേനഹള്ളിയിലെ ജെപി നഗറിലായിരുന്നു സംഭവം. രാത്രി 9 മണിയോടെ നടരാജ ലേഔട്ടില്‍ വച്ച് ദര്‍ശന്റെ സ്‌കൂട്ടര്‍ മനോജിന്റെ കാറില്‍ ഉരസുകയും വലതുവശത്തെ റിയര്‍വ്യൂ മിററിന് നേരിയ കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തു. ദര്‍ശന്‍ പെട്ടെന്ന് തന്നെ ക്ഷമ പറഞ്ഞ് സ്‌കൂട്ടര്‍ ഓടിച്ചുപോയി.

എന്നാല്‍ രോഷാകുലനായ മനോജ് രണ്ടുകിലോമീറ്ററോളം ദര്‍ശന്റെ സ്‌കൂട്ടര്‍ പിന്തുടരുകയും പിന്നില്‍ നിന്ന് കാര്‍ ഇടിച്ചുകയറ്റുകയുമായിരുന്നു. ഇടിയുടെ ആഘാതത്തില്‍ റോഡിലേക്ക് തെറിച്ചുവീണ ദര്‍ശനെയും പിന്‍സീറ്റില്‍ ഇരുന്ന സുഹൃത്ത് വരുണിനെയും നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത്. ആശുപത്രിയില്‍ എത്തും മുമ്പേ ദര്‍ശന്‍ മരിച്ചു.

സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് ദര്‍ശന്റെ സഹോദരി ഭവ്യ പൊലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് അപകടസ്ഥലത്ത് നിന്നുള്ള സിസിടിവി ദൃശ്യങ്ങളില്‍ നിന്നാണ് പ്രതിയെ തിരിച്ചറിഞ്ഞത്. ദൃശ്യങ്ങളില്‍ നിന്ന് ഇത് മനപ്പൂര്‍വമുണ്ടാക്കിയ അപകടമാണെന്ന് പൊലീസ് കണ്ടെത്തി. ബം​ഗലൂരു ബന്നാർഘട്ട റോഡിൽ കളരിപ്പയറ്റ് അക്കാദമി നടത്തുകയാണ് മനോജ് കുമാർ. അറസ്റ്റിലായ ദമ്പതികള്‍ കുറ്റം സമ്മതിച്ചിട്ടുണ്ട്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K