29 October, 2025 12:06:15 PM


മധ്യപ്രദേശിൽ ബിജെപി നേതാവ് വെടിയേറ്റ് മരിച്ചു; പ്രതിയുടെ പിതാവ് ജീവനൊടുക്കി



ഭോപ്പാൽ: വാഹനത്തിൽ സഞ്ചരിക്കുന്നതിനിടെ ബിജെപി നേതാവ് വെടിയേറ്റ് മരിച്ചു. കട്നി ബിജെപി പിച്ചഡ മോർച്ച മണ്ഡൽ പ്രസിഡൻ്റ് നീലു രജക് (38)ആണ് മരിച്ചത്. കൈമോർ പട്ടണത്തിലൂടെ ബൈക്കിൽ സഞ്ചരിക്കുന്നതിനിടെ മുഖംമൂടി ധരിച്ചെത്തിയ രണ്ട് പേർ നീലു രജകിന് നേരെ വെടിയുതിർക്കുകയായിരുന്നു.

കൊലപാതകം നടന്ന് മിനിറ്റുകൾക്കുള്ളിൽ, കൊലയാളികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് നൂറുകണക്കിന് താമസക്കാർ തെരുവിലിറങ്ങി. നീതി ലഭിക്കുന്നതുവരെ പോസ്റ്റ്‌മോർട്ടം അനുവദിക്കില്ലെന്ന് പറഞ്ഞുകൊണ്ട് രജകിൻ്റെ കുടുംബവും അനുയായികളും വിജയരാഘവ്ഗഡ് സർക്കാർ ആശുപത്രിക്ക് മുന്നിലെ റോഡുകൾ ഉപരോധിച്ചുവെന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്തു.

ആറ് മണിക്കൂറിലധികം നീണ്ടുനിന്ന പ്രതിഷേധത്തിൽ ബിജെപി എംഎൽഎ സഞ്ജയ് പഥക്, ബിജെപി ജില്ലാ പ്രസിഡൻ്റ് ദീപക് ടണ്ടൻ സോണി എന്നിവരും പങ്കെടുത്തു. 'ലവ് ജിഹാദ്' കേസിൽ ഇടപെട്ടതിനാലാണ് രജക് കൊല്ലപ്പെട്ടതെന്ന് ബിജെപി എംഎൽഎയും മുൻ മന്ത്രിയുമായ സഞ്ജയ് പഥക് ആരോപിച്ചു. ഇതോടെ നേതാവിൻ്റെ മരണം വലിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിയൊരുക്കി.

പ്രിൻസ് (30), അക്രം ഖാൻ (33) എന്നിവരാണെന്ന് കൊലപാതകത്തിന് പിന്നിലെന്ന് തിരിച്ചറിഞ്ഞതായി പൊലീസ് അറിയിച്ചു. ബിജെപി നേതാവിനെ കൊലപ്പെടുത്തിയ കേസിൽ തൻ്റെ മകനും ഉൾപ്പെട്ടിട്ടുണ്ട് എന്ന് അറിഞ്ഞതിന് പിന്നാലെ പ്രിൻസിൻ്റെ പിതാവ് ജീവനൊടുക്കി. പ്രതികൾക്കായുള്ള തെരച്ചിൽ പൊലീസ് ഊർജിതമാക്കിയിട്ടുണ്ട്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K