25 October, 2025 08:54:57 PM


കണ്ണൂരില്‍ കെഎസ്ഇബി ഉദ്യോഗസ്ഥന്‍ പുഴയില്‍ ചാടി മരിച്ചു



കണ്ണൂര്‍: വിരമിക്കാന്‍ ഒരു മാസം മാത്രം ബാക്കി നില്‍ക്കേ കെഎസ്ഇബി ഉദ്യോഗസ്ഥന്‍ പുഴയില്‍ ചാടി മരിച്ചു. കണ്ണൂര്‍ കാടാച്ചിറ സെക്ഷനിലെ സീനിയര്‍ സൂപ്രണ്ട് എരുവട്ടി പാനുണ്ട സ്വദേശി കെ എം ഹരീന്ദ്രനാണ് മരിച്ചത്. 56 വയസായിരുന്നു.

ഇന്ന് രാവിലെയായിരുന്നു സംഭവം നടന്നത്. മറമ്പറം പഴയ പാലത്തില്‍ നിന്നാണ് ഇദ്ദേഹം ചാടിയത്. സംഭവം കണ്ട പ്രദേശവാസികള്‍ പൊലീസിനേയും അഗ്നിശമനസേനയേയും വിവരം അറിയിച്ചു. അഗ്നിശമനസേനയെത്തി നടത്തിയ പരിശോധനയില്‍ ഹരീന്ദ്രന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു.

ഹരീന്ദ്രന്റെ കാര്‍ പാലത്തിന് സമീപം നിര്‍ത്തിയിട്ടിരുന്ന നിലയില്‍ കണ്ടെത്തി. മൊബൈല്‍ ഫോണ്‍ വാഹനത്തില്‍ തന്നെ ഉണ്ടായിരുന്നു. ചെരുപ്പ് പാലത്തില്‍ അഴിച്ചുവെച്ചിരുന്നു. ഇന്നലെ അര്‍ദ്ധരാത്രിയാണ് ഇദ്ദേഹം വീട്ടില്‍ നിന്ന് പോയതെന്ന് ബന്ധുക്കള്‍ പറഞ്ഞു. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. സംഭവത്തില്‍ പിണറായി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K