22 October, 2025 03:14:41 PM


ഡല്‍ഹിയില്‍ അഞ്ച് വയസുകാരനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി അച്ഛൻ്റെ ഡ്രൈവർ



ന്യൂഡൽഹി: ഡല്‍ഹി നരേലയില്‍ അഞ്ച് വയസുകാരനെ അച്ഛൻ്റെ ഡ്രൈവര്‍ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി. ഡൈവര്‍ നിറ്റുവാണ് കൊലപാതകം നടത്തിയത്. ഇയാൾക്കായി തിരച്ചില്‍ തുടരുകയാണ്. കുട്ടിയുടെ മൃതദേഹം നിറ്റുവിൻ്റെ വാടക വീട്ടില്‍ നിന്ന് പൊലീസ് കണ്ടെടുത്തു. ഇഷ്ടികയും കത്തിയും ഉപയോഗിച്ചാണ് കുഞ്ഞിനെ കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു.

ഇന്നലെ വൈകുന്നേരം 3:30 ന് കുട്ടിയെ തട്ടിക്കൊണ്ടുപോയതായി നരേല ഇൻഡസ്ട്രിയൽ ഏരിയ പൊലീസ് സ്റ്റേഷനിൽ വിവരം നൽകിയിരുന്നു. വീടിന് പുറത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ പെട്ടെന്ന് കാണാതായെന്നായിരുന്നു പൊലീസിന് ലഭിച്ച വിവരം. തുടർന്ന് ബന്ധുക്കളും അയൽവാസികളും തിരച്ചിൽ നടത്തിയതിനിടെ സമീപത്തുള്ള ഡ്രൈവറുടെ വാടകമുറിയിൽ കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.

ട്രാൻസ്‌പോർട്ട് വാഹനങ്ങളുടെ ഉടമയാണ് കുട്ടിയുടെ അച്ഛൻ. നിറ്റു, വസീം എന്നീ രണ്ട് ഡ്രൈവർമാരാണ് ഇയാൾക്കുള്ളത്. തിങ്കളാഴ്ച വൈകുന്നേരം മദ്യലഹരിയിൽ ഇരുവരും തമ്മിൽ വഴക്കുണ്ടാവുകയും നീറ്റു വസീമിനെ മർദിക്കുകയും ചെയിരുന്നു. ഈ വിവരം ഉടമയെ അറിയിച്ചപ്പോൾ അദ്ദേഹം മോശമായി പെരുമാറിയതിന് നീറ്റുവിനെ മുഖത്തടിച്ചു. ഇതിൽ അപമാനിതനായ നീറ്റു ചൊവ്വാഴ്ച കുട്ടി വീടിന് പുറത്ത് കളിക്കുന്നതിനിടെ തട്ടിക്കൊണ്ടുപോയി സ്വന്തം വാടകമുറിയിലെത്തിച്ച് ഇഷ്ടികയും കത്തിയും ഉപയോഗിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് കരുതുന്നതെന്ന് ഡിസിപി പറഞ്ഞു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K