17 October, 2025 02:53:55 PM
ബാഗിന്‍റെ വള്ളി ഡോറിൽ കുടുങ്ങി; കെഎസ്ആര്‍ടിസി ബസിന്റെ വാതില്‍ തുറന്ന് വിദ്യാർഥിനി വീണു, പരിക്ക്

തിരുവനന്തപുരം: പാച്ചല്ലൂരിൽ ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിന്‍റെ വാതിൽ തുറന്ന് പുറത്തേക്ക് വീണ് വിദ്യാര്‍ഥിനിക്ക് പരിക്ക്. പാണവിള ഭാഗത്തുനിന്നും ബസിൽ കയറിയ മറിയം (22) എന്ന വിദ്യാര്‍ഥിനിക്കാണ് അപകടത്തിൽ പരിക്കേറ്റത്. ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർഥിയാണ് മറിയം.
പരിക്കേറ്റ മറിയത്തെ ഉടൻ തന്നെ അമ്പലത്തറയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യുവതിയെ വിദഗ്ധ പരിശോധനകൾക്കായി സ്കാനിങ്ങിന് വിധേയയാക്കിയിട്ടുണ്ട്. പൂവാർ ഭാഗത്തുനിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന ബസിൽനിന്നാണ് യുവതി പുറത്തേക്ക് വീണത്. യുവതിയുടെ ബാഗിന്‍റെ വള്ളി ഡോറിന്‍റെ ലോക്കിൽ കുടുങ്ങിയതാകാം വാതിൽ തുറന്നുപോകാൻ കാരണമെന്നാണ് പ്രാഥമിക നിഗമനം.