15 October, 2025 04:19:38 PM


നഴ്സിംഗ് വിദ്യാര്‍ഥിനി ആത്മഹത്യക്ക് ശ്രമിച്ചു, ആശുപത്രിയിലേക്ക് പോകുന്നതിനിടെ കാര്‍ മറിഞ്ഞു; 20കാരി മരിച്ചു



കാസര്‍കോട്: കാസര്‍കോട് വീടിനുള്ളില്‍ ജീവനൊടുക്കാന്‍ ശ്രമിച്ച പെണ്‍കുട്ടിയെ രക്ഷിച്ച് ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി വാഹനാപകടത്തില്‍ മരണം. കുറ്റിക്കോല്‍ ബേത്തൂര്‍പാറയിലാണ് സംഭവം. ബേത്തൂര്‍പാറ തച്ചാര്‍കുണ്ട് വീട്ടില്‍ പരേതനായ ബാബുവിന്റെ മകള്‍ മഹിമ(20)യാണ് മരിച്ചത്. കാസര്‍കോട്ടെ നുള്ളിപ്പാടിയില്‍ നഴ്‌സിങ് വിദ്യാര്‍ത്ഥിനിയായിരുന്നു മഹിമ. അപകടത്തില്‍ മഹിമയുടെ അമ്മ വനജയ്ക്കും സഹോദരന്‍ മഹേഷിനും പരിക്കേറ്റു.

ഇന്ന് രാവിലെ എട്ട് മണിയോടെയായിരുന്നു സംഭവം. മുറിക്കുിള്ളില്‍ തൂങ്ങിയ നിലയില്‍ മഹിമയെ കണ്ടെത്തുകയായിരുന്നു. ഉടന്‍ തന്നെ സഹോദരനും അമ്മയും ചേര്‍ന്ന് മഹിമയെ താഴെയിറക്കി ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഇതിനിടെ വാഹനം അപകടത്തില്‍പ്പെടുകയായിരുന്നു. ഉടന്‍ തന്നെ പ്രദേശവാസികള്‍ സ്ഥലത്തെത്തുകയും മൂന്ന് പേരെയും കാസര്‍കോട് ചെര്‍ക്കളയിലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. എന്നാല്‍ മഹിമയുടെ ജീവന്‍ രക്ഷിക്കാനായില്ല.

തൂങ്ങിയതാണോ അപകടമാണോ മഹിമയുടെ മരണകാരണമെന്ന് വ്യക്തമല്ല. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷമേ ഇക്കാര്യം വ്യക്തമാകുകയുള്ളൂ. ആശുപത്രിയിലേക്കുള്ള വഴിയില്‍ മഹിമയ്ക്ക് ജീവനുണ്ടായിരുന്നതായാണ് വിവരം. അമ്മയും സഹോദരനും ആശുപത്രിയില്‍ ചികിത്സയിലാണ്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K