13 October, 2025 10:34:14 AM
ത്രിപുരയില്‍ 14 മാസം പ്രായമുള്ള കുഞ്ഞിനെ പീഡിപ്പിച്ച് കൊന്ന് വയലില്‍ കുഴിച്ചിട്ട അയൽവാസി പിടിയിൽ

ത്രിപുര: 14 മാസം പ്രായമുള്ള പെൺകുഞ്ഞിനെ പീഡിപ്പിച്ച് കൊന്ന് വയലില്‍ കുഴിച്ചിട്ട കേസിൽ അയൽവാസി അറസ്റ്റിൽ. ത്രിപുരയിലെ പാനിസാഗർ പ്രദേശത്താണ് സംഭവം.അസമിലെ നിലംബസാറിൽ നിന്നാണ് ദിവസവേതനത്തൊഴിലാളിയായ പ്രതിയെ പോലീസ് പിടികൂടിയത്.
കുഞ്ഞിനെ പീഡിപ്പിച്ച ശേഷം പ്രതി കൊലപ്പെടുത്തുകയും മൃതദേഹം നെൽവയലിൽ കുഴിച്ചിടുകയുമായിരുന്നു. ശനിയാഴ്ചയാണ് പുറത്തുപോയി വരാമെന്ന് പറഞ്ഞ് അയൽവാസിയായ പ്രതി അമ്മയില്‍നിന്ന് കുഞ്ഞിനെ വാങ്ങിയതെന്ന് പാനിസാഗർ പോലീസ് സ്റ്റേഷനിലെ ഓഫീസർ ഇൻ ചാർജ് സുമന്ത ഭട്ടാചാര്യ പറഞ്ഞു. പുറത്ത് പോയി മൂന്ന് മണിക്കൂറിന് ശേഷവും ഇയാൾ മടങ്ങി എത്തിയില്ല. കുഞ്ഞിനെ കാണാതെ പരിഭ്രാന്തരായ വീട്ടുകാർ പരിസരപ്രദേശങ്ങളിൽ പ്രതിക്കായി തിരച്ചിൽ നടത്തി.
തുടർന്ന്, പ്രദേശവാസികളുടെ സഹായത്തോടെ നടത്തിയ തിരച്ചിലിൽ നെൽവയലിൽ കുഴിച്ചിട്ട നിലയിൽ കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് കൈമാറി. കേസിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും പ്രതിയെ തിങ്കളാഴ്ച കോടതിയിൽ ഹാജരാക്കുമെന്നും പോലീസ് അറിയിച്ചു.