11 October, 2025 11:28:29 AM
ടി കെ എം ഡീംഡ് യൂണിവേഴ്സിറ്റി കൊല്ലത്ത് ; അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിന് തറക്കല്ലിട്ടു

കൊല്ലം: 'തങ്ങൾകുഞ്ഞ് മുസലിയാർ ഡീംഡ് യൂണിവേഴ്സിറ്റി' സ്ഥാപിക്കാൻ ടികെഎം കോളേജ് ട്രസ്റ്റ് ശ്രമം തുടങ്ങി. ടികെഎം കാരുവേലിൽ കാമ്പസിലാണ് യൂണിവേഴ്‌സിറ്റി ആരംഭിക്കുന്നത്. എൻജിനിയറിങ്, മാനേജ്മെന്റ്, ആർക്കിടെക്ചർ വിഭാഗങ്ങളിൽ നിലവിലുള്ള മൂന്ന് അക്രെഡിറ്റഡ് കോളേജുകൾ സംയോജിപ്പിച്ചുകൊണ്ടാകും യൂണിവേഴ്‌സിറ്റിയുടെ ആദ്യഘട്ടത്തിന് തുടക്കംകുറിക്കുന്നത്. ഡീംഡ് യൂണിവേഴ്‌സിറ്റിക്കുള്ള വിശദമായ പ്രോജക്ട് റിപ്പോർട്ട് ജനുവരിയിൽ യൂണിവേഴ്‌സിറ്റി ഗ്രാൻറ്‌സ് കമ്മിഷന് സമർപ്പിച്ചു. യൂണിവേഴ്സിറ്റിക്കുള്ള വിശദമായ മാസ്റ്റർപ്ലാനും തയ്യാറായി. ഇതനുസരിച്ചുള്ള യൂണിവേഴ്സിറ്റി അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കിന് കാരുവേലിൽ കാമ്പസിൽ ട്രസ്റ്റ് പ്രസിഡന്റ് ഷഹാൽ ഹസൻ മുസലിയാർ ശിലാസ്ഥാപനം നിർവഹിച്ചു. ഇതിനോടനുബന്ധിച്ചു നടന്ന യോഗത്തിൽ ട്രസ്റ്റ് ട്രഷറർ ജലാലുദ്ദീൻ മുസലിയാർ, എക്സിക്യുട്ടീവ് ഡയറക്ടർ ഡോ. എസ്. അയൂബ്, ഡോ. എ. സാദിഖ്, പ്രൊഫ. എസ്. പരമേശ്വരൻ, പ്രൊഫ. സി.കെ.ജി.നായർ, അഫ്‌സൽ മുസലിയാർ, സാദിഖ് താഹ, ട്രസ്റ്റ് അംഗങ്ങളായ ജമാലുദ്ദീൻ മുസലിയാർ, ഉസ്‌മാൻ മുസലിയാർ എന്നിവർ പ്രസംഗിച്ചു