10 October, 2025 08:48:54 AM
'കോൺഗ്രസ് നേതാവ് നിരന്തരം ചൂഷണം ചെയ്തു'; വീട്ടമ്മയുടെ ആത്മഹത്യാ കുറിപ്പില്‍ ഗുരുതര പരാമര്‍ശം

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ ആത്മഹത്യ ചെയ്ത 52 കാരിയുടെ ആത്മഹത്യാക്കുറിപ്പില്‍ ജില്ലയിലെ കോണ്‍ഗ്രസ് നേതാവിനെതിരെ ഗുരുതര പരാമര്‍ശം. നെയ്യാറ്റിൻകര നഗരസഭാ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍മാനായ ജോസ് ഫ്രാങ്ക്ളിനെതിരെയാണ് ആരോപണം. വായ്പ തരപ്പെടുത്തി നല്‍കാന്‍ സഹായിക്കാമെന്ന് പറഞ്ഞ് നിരന്തരം ചൂഷണം ചെയ്തുവെന്ന് ആത്മഹത്യാക്കുറിപ്പിലുണ്ടെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ സൂചിപ്പിച്ചു. കഴിഞ്ഞ ദിവസമാണ് ഗ്യാസ് തുറന്നുവിട്ടതിന് ശേഷം വീട്ടമ്മ തീകൊളുത്തി മരിച്ചത്.
ഡിസിസി ജനറൽ സെക്രട്ടറിയാണ് ആരോപണ വിധേയനായ ജോസ് ഫ്രാങ്ക്ളിന്‍. ഇയാളുടെ നേതൃത്വത്തിലുള്ള സഹകരണ ബാങ്കില്‍ വായ്പ തരപ്പെടുത്തി നല്‍കാം എന്ന് പറഞ്ഞായിരുന്നു ഉപദ്രവം. ഇന്നലെയായിരുന്നു വീട്ടമ്മ മരിച്ചത്. ഗ്യാസ് തുറന്നുവിട്ടതിന് ശേഷം തീകൊളുത്തി മരിക്കുകയായിരുന്നു. ആദ്യ അപകടമരണം എന്ന് കരുതിയെങ്കിലും പിന്നീട് വീട്ടമ്മ എഴുതിയ കുറിപ്പ് കണ്ടെടുക്കുകയായിരുന്നു.
ഫോറന്‍സിക് സംഘം വീട്ടില്‍ നടത്തിയ പരിശോധനയിലാണ് കുറിപ്പുകൾ കണ്ടെടുത്തത്. മകനും മകൾക്കുമായി രണ്ട് കുറിപ്പുകളാണ് ഉണ്ടായിരുന്നത്. സഹകരണ ബാങ്കില്‍ വീട്ടമ്മയ്ക്ക് ചിട്ടിയുണ്ട്. ഒരു വായ്പയും നിലവിലുണ്ട്. മറ്റൊരു വായ്പയ്ക്ക് വീട്ടമ്മ അന്വേഷണം നടത്തിയിരുന്നു. ഇക്കാര്യം പറഞ്ഞാണ് കോൺഗ്രസ് നേതാവ് ഫ്രാങ്ക്ളിന്‍ ചൂഷണം നടത്തിയതെന്നാണ് പോലീസ് കരുതുന്നത്.
അതേസമയം, സംഭവത്തിൽ കോൺഗ്രസ് നേതാവിനെതിരെ 52കാരിയുടെ മകൻ രംഗത്തെത്തി. ജോസ് ഫ്രാങ്ക്‌ളിന്‍ അമ്മയെ ഭീഷണിപ്പെടുത്തുമായിരുന്നു. രാത്രി സമയങ്ങളിലും അമ്മയെ ഫോണില്‍ വിളിച്ചു ശല്യപ്പെടുത്തുമായിരുന്നു. അമ്മയെ ലൈംഗികമായ കാര്യങ്ങള്‍ക്ക് നിര്‍ബന്ധിച്ചു. വല്ലാത്ത ഉപദ്രവം ജോസ് ഫ്രാങ്ക്‌ളിന്റെ ഭാഗത്തു നിന്നുമുണ്ടായി. രാത്രി പതിനൊന്നു മണിക്ക് ശേഷമൊക്കെ അമ്മയെ ഫോണില്‍ വിളിച്ചു ഉപദ്രവിക്കുമായിരുന്നു. വീടിനു മുന്നില്‍ ബൈക്കിലെത്തി അമ്മയെ ഭീഷണിപ്പെടുത്തുമായിരുന്നു. പിന്നീട് അമ്മ വായ്പ അപേക്ഷയുമായി പോകാതെയായി. തനിക്കും സഹോദരിക്കും രണ്ടു കത്തുകള്‍ അമ്മ എഴുതി വെച്ചിരുന്നു. അമ്മയെ നഷ്ടപ്പെട്ട തനിക്ക് നീതി വേണം - മകൻ പറഞ്ഞു.