09 October, 2025 03:57:26 PM


കുഴൽപ്പണം പൂഴ്ത്താൻ പൊലീസുകാരെ സഹായിച്ചു, വിവരം കൈമാറി; വൈത്തിരിയിൽ കോൺഗ്രസ് പ്രവർത്തകൻ അറസ്റ്റിൽ



കല്പറ്റ: വൈത്തിരിയിൽ കുഴൽപ്പണം പിടികൂടി പൂഴ്ത്തിയ സംഭവത്തിൽ പൊലീസുകാരെ സഹായിച്ച കോൺഗ്രസ് പ്രവർത്തകൻ അറസ്റ്റിൽ. വട്ടവയൽ ആനോത്തുവീട്ടിൽ എ എം റിയാസാണ് അറസ്റ്റിലായത്. വൈത്തിരി സ്റ്റേഷനിലെ എസ്എച്ച്ഒ ഉൾപ്പടെ പ്രതിയായ കേസിലാണ് റിയാസിനെ അറസ്റ്റ് ചെയ്തത്.

സെപ്തംബർ 15നായിരുന്നു കേസിനാസ്പദമായ സംഭവം. മലപ്പുറം സ്വദേശികൾക്ക് കൈമാറാനായി ചുണ്ടേൽ സ്വദേശിയായ യുവാവ് കൊണ്ടുവന്ന മൂന്ന് ലക്ഷത്തിലേറെ വരുന്ന കുഴൽപ്പണം പൊലീസ് പിടികൂടിയിരുന്നു. ഈ പണമിടപാട് സംബന്ധിച്ച് പൊലീസിന് വിവരം നൽകിയതും പണം കവരാൻ പൊലീസിനെ സഹായിച്ചതും റിയാസ് ആണെന്നും പ്രത്യുപകാരമെന്നോണം ഇയാള്‍ പൊലീസുകാരിൽനിന്ന് പണം കൈപ്പറ്റിയെന്നും അന്വേഷണ സംഘം കണ്ടെത്തി. ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി പ്രവീൺ കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് റിയാസിനെ അറസ്റ്റ് ചെയ്തത്.

വൈത്തിരി എസ്എച്ച്ഒ അനിൽ കുമാർ, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ അബ്ദുൽ ഷുക്കൂർ, ബിനീഷ്, അബ്ദുൽ മജീദ്, എന്നിവരാണ് കേസിലുൾപ്പെട്ടിട്ടുള്ളത്. കേസിൽ ഒന്നാംപ്രതിയാണ് അനിൽ കുമാർ.

പ്രതികളായ പൊലീസുകാരെ ജില്ലാ പൊലീസ് മേധാവിയുടെ റിപ്പോർട്ട് പ്രകാരം ഉത്തരമേഖലാ ഐജി സസ്‌പെൻഡ് ചെയ്തിരുന്നു. തുടരന്വേഷണത്തിൽ പൊലീസുകാരുടെ പേരിൽ കവർച്ചാക്കുറ്റത്തിന് കേസെടുക്കുകയും ചെയ്തിരുന്നു. അനിൽകുമാർ, സീനിയർ സിവിൽ പൊലീസ് ഓഫീസർ അബ്ദുൽ ഷുക്കൂർ എന്നിവരുൾപ്പടെ മൂന്ന് പേരെയാണ് പ്രതിചേർത്തിട്ടുള്ളത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 942