09 October, 2025 10:26:10 AM
കൊല്ലത്ത് ഒറ്റയ്ക്ക് താമസിച്ചിരുന്നയാളുടെ മൃതദേഹം തെരുവുനായ്ക്കൾ ഭക്ഷിച്ച നിലയിൽ

കൊല്ലം: ഒറ്റയ്ക്ക് താമസിച്ചിരുന്നയാളുടെ മൃതദേഹം തെരുവുനായ്ക്കള്‍ ഭക്ഷിച്ച നിലയില്‍. ശാസ്താംകോട്ട വടക്കന്‍ സോമവിലാസം മാര്‍ക്കറ്റിന് സമീപം അഞ്ചുവിള കിഴക്കേതില്‍ രാധാകൃഷ്ണപിള്ള (55) ആണ് മരിച്ചത്. താമസിച്ചുകൊണ്ടിരുന്ന ചെറിയ ഷെഡിലാണ് ഇന്നലെ വൈകിട്ട് മൃതദേഹം കണ്ടെത്തിയത്. സമീപത്തെ വീട്ടില്‍ ശുചീകരണം നടത്താന്‍ എത്തിയ പ്രദേശവാസി രാധാകൃഷ്ണപിള്ളയെ അന്വേഷിച്ച് എത്തിയപ്പോഴാണ് മൃതദേഹം കാണുന്നത്.
മൃതദേഹത്തിന് ആഴ്ചകളോളം പഴക്കമുണ്ട്. മൃതദേഹ ഭാഗങ്ങള്‍ നായ്ക്കള്‍ ഷെഡിനു പുറത്തേക്ക് വലിച്ചിട്ട നിലയിലായിരുന്നു. മാംസ ഭാഗങ്ങളെല്ലാം നായ്ക്കള്‍ ഭക്ഷിച്ച നിലയില്‍ അസ്ഥികൂടം മാത്രമാണ് ശേഷിച്ചത്. തെരുവു നായ്ക്കളുടെ കടിയേറ്റ് മരിച്ചതാണോ അതോ മരിച്ചശേഷം മൃതദേഹം തെരുവുനായ്ക്കള്‍ ഭക്ഷിച്ചതാണോയെന്നതിലും വ്യക്തതയില്ല.